തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്: സ്വരാജിന്റെ ഹർജി തള്ളി; കോടതിയിലും ജയിച്ച് ബാബു
Mail This Article
കൊച്ചി ∙ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിലെ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു. തിരഞ്ഞെടുപ്പു ചട്ടലംഘനം ആരോപിച്ച് 2021ലെ എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.സ്വരാജ് നൽകിയ ഹർജി ജസ്റ്റിസ് പി.ജി.അജിത്കുമാർ തള്ളി.
യുഡിഎഫ് വിതരണം ചെയ്ത സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നതായിരുന്നു പ്രധാന ആക്ഷേപം. സ്ലിപ്പിന്റെ പകർപ്പ് ഉൾപ്പെടെ തെളിവായി ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത തെളിയിക്കുന്നതിൽ ഹർജിഭാഗം പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. ക്രമക്കേട് സംശയാതീതമായി തെളിയിക്കാനായിട്ടില്ല.
അയ്യപ്പന്റെ പടം വച്ചു താൻ സ്ലിപ് അച്ചടിച്ചിട്ടില്ലെന്നും കൃത്രിമമായി ചമച്ച രേഖയാണു ഹാജരാക്കിയിരിക്കുന്നതെന്നും അതിന്റെ ആധികാരികത തെളിയിക്കാൻ സ്വരാജിനു ബാധ്യതയുണ്ടെന്നും ബാബു വാദിച്ചു. സ്ലിപ് വിതരണത്തെക്കുറിച്ച് സ്വരാജിനു നേരിട്ടുള്ള അറിവില്ല, പ്രവർത്തകർ പറഞ്ഞുള്ള അറിവേയുള്ളൂ എന്നു കോടതി വിലയിരുത്തി. ബൂത്ത് ലവൽ ഓഫിസർമാർ വഴി സ്ലിപ് വിതരണം ചെയ്യാൻ കലക്ടർക്കു നിവേദനം നൽകിയിരുന്നുവെന്നും പാർട്ടി പ്രവർത്തകരെ അതിനു നിയോഗിച്ചിട്ടില്ലെന്നും ബാബു വാദിച്ചു.
കലക്ടർക്കു നൽകിയ അപേക്ഷയുടെയും തുടർനടപടികളുടെയും പകർപ്പ് ഹാജരാക്കിയതു കോടതിക്കു ബോധ്യപ്പെട്ടു. ഹർജിഭാഗം സാക്ഷികളുടെ മൊഴികളിൽ അവ്യക്തതയുണ്ടെന്നും സ്ലിപ് തങ്ങൾക്കു ലഭിച്ചെന്ന അവരുടെ വാദം സംശയാസ്പദമാണെന്നും കോടതി പറഞ്ഞു. സാധൂകരിക്കാവുന്ന മറ്റു തെളിവുകളോ സാഹചര്യങ്ങളോ ഇല്ലാതെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണം കണക്കിലെടുക്കാനാകില്ലെന്നും പറഞ്ഞു. 992 വോട്ടിനാണ് ബാബു സിറ്റിങ് എംഎൽഎ സ്വരാജിനെ പരാജയപ്പെടുത്തിയത്.
∙ ‘വിധിയിൽ സന്തോഷം. ഉമ്മൻ ചാണ്ടി ഇല്ലെന്ന ദുഃഖം മാത്രം. ഞാൻ 7 തവണ മത്സരിച്ചിട്ടുണ്ട്. ഇതുവരെ കൃത്രിമം കാണിച്ചിട്ടില്ല.’ – കെ.ബാബു
∙ ‘ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന വിചിത്ര വിധിയാണിത്. ഈ വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്തുവേണമെന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും.’ – എം.സ്വരാജ്