ഹയർ സെക്കൻഡറി സ്ഥലംമാറ്റ പട്ടിക റദ്ദാക്കി
Mail This Article
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) റദ്ദാക്കി. ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷൻ, ഇതര വിഭാഗ പട്ടികകൾ റദ്ദാക്കിയത്. ട്രൈബ്യൂണൽ തന്നെ ഇവ സ്റ്റേ ചെയ്തിരുന്നു. വിധി സർക്കാരിനു കടുത്ത തിരിച്ചടിയാണ്.
ചട്ടപ്രകാരമുള്ള ഔട്ട്സ്റ്റേഷൻ വെയ്റ്റേജ് അനുവദിച്ച് പുതുക്കിയ സ്ഥലംമാറ്റപ്പട്ടികയുടെ കരട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയാറാക്കണമെന്നും ഉത്തരവിട്ടു. ജൂൺ ഒന്നിനു മുൻപ് പുതിയ സ്കൂളിൽ ചേരാനാകുംവിധം അന്തിമ പട്ടിക പ്രസിദ്ധീകരിക്കണം. ചട്ടപ്രകാരം സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്ന മുൻ ഉത്തരവ് പാലിക്കാത്തതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കും തുടക്കം കുറിച്ചു.
മേയ് 24നു ഡയറക്ടർ എസ്.ഷാനവാസ് നേരിട്ട് ഹാജരായി വിശദീകരണം നൽകണം. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പട്ടിക ഫെബ്രുവരി 16നു പുറത്തിറക്കിയത്. സ്വന്തം ജില്ലയിലേക്കടക്കം എല്ലാ ജില്ലകളിലേക്കുമുള്ള സ്ഥലംമാറ്റത്തിന് മറ്റു ജില്ലകളിൽ ജോലി ചെയ്ത കാലയളവ് (ഔട്ട്സ്റ്റേഷൻ സർവീസ്) പരിഗണിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.