വരുന്നൂ, മനോരമ ഹോർത്തൂസ്; സാംസ്കാരികോത്സവത്തിന് കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട് തുടക്കം
Mail This Article
കോഴിക്കോട് ∙ ഇക്കൊല്ലം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട് മലയാള മനോരമ തുടക്കം കുറിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ലോഗോ ‘ഹോർത്തൂസ് 2024’ മലയാളത്തിന്റെ ഇതിഹാസകഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. വായിക്കാൻ പുസ്തകങ്ങൾ തേടി നടക്കേണ്ടിയിരുന്ന കാലത്തുനിന്ന് ഒട്ടേറെ ലൈബ്രറികളുമായി യുനെസ്കോയുടെ സാഹിത്യനഗരപദവിയിലെത്തി നിൽക്കുന്ന കോഴിക്കോടിനു തിലകക്കുറിയായിരിക്കും ‘ഹോർത്തൂസ്’ എന്ന് എംടി പറഞ്ഞു.
‘മനോരമയുടെ ആതിഥ്യത്തിൽ ഒരു സാംസ്കാരികോത്സവം കോഴിക്കോട്ടു വരുന്നതിൽ ഏറെ സന്തോഷമുണ്ട്. പുതുതലമുറ എല്ലാ നിലയ്ക്കും അതിൽ പങ്കാളികളാവണം. വായനയിലും പുസ്തകങ്ങളിലും താൽപര്യം ഉണ്ടാവണം, അതു വളർത്തണം. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവണം’ – കുട്ടികളെ ചേർത്തുനിർത്തി എംടി പറഞ്ഞു.
സ്കൂൾ വിദ്യാർഥികളായ എസ്.പി.പാർവണ, വി.ആനന്ദി, ഏദൻ സജി, മിഷാൽ മുഹമ്മദ്, സൈന്ധവ് നായർ, എസ്.അങ്കിത് എന്നിവർ ലോഗോ ഏറ്റുവാങ്ങി. തന്റെ ഫ്ലാറ്റിലെ സ്വകാര്യ ലൈബ്രറി കാണാൻ എംടി അവരെ ക്ഷണിക്കുകയും ചെയ്തു.
അക്ഷരങ്ങളുടെയും കലയുടെയും ഉദ്യാനം
പതിനേഴാം നൂറ്റാണ്ടിൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന വിശ്രുത സസ്യശാസ്ത്ര ഗ്രന്ഥത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് ഹോർത്തൂസ് എന്ന ലോഗോ.
‘മലബാറിന്റെ ഉദ്യാനം’ എന്നാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലത്തീൻ പേരിന്റെ അർഥം. അക്കാലത്തു മലബാർ എന്നാൽ കേരളം തന്നെയാണ്. 12 വാല്യങ്ങളായി ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിലുമുണ്ട്. മലയാള ഭാഷ ആദ്യമായി അച്ചടിയിൽ ഉപയോഗിച്ചത് ഈ പുസ്തകത്തിലാണ്. അങ്ങനെ ഹോർത്തൂസ് നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാന രേഖകളിലൊന്നായി.
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊച്ചിയിലെ ഗവർണറായിരുന്ന ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡാണ് ഹോർത്തൂസ് എന്ന സമാഹാരം ഒരുക്കിയത്. വിവരശേഖരണത്തിൽ അദ്ദേഹത്തെ പ്രധാനമായും സഹായിച്ചത് മലയാളിയായ ഇട്ടി അച്യുതൻ വൈദ്യൻ.