ADVERTISEMENT

കായംകുളം കരീലക്കുളങ്ങരയിൽ 2001ൽ നടന്ന കളീക്കൽ സത്യൻ കൊലപാതകക്കേസിൽ താൻ ഉൾപ്പെടെയുളള സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്നും ചിലർ അവരുടെ വശീകരണത്തിൽ വീണുപോയതായി സംശയമുണ്ടെന്നും സത്യന്റെ ഭാര്യ ശകുന്തള പറഞ്ഞു. ആർഎസ്എസ് വിട്ടു കോൺഗ്രസിലെത്തിയ സത്യന്റെ കൊലപാതകം ‘പാർട്ടി ആലോചിച്ചു നടത്തിയതാണ്’ എന്ന ഗുരുതര ആരോപണം ഉന്നയിച്ച് സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു പാർട്ടി സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തു പുറത്തുവന്നതോടെയാണു കേസ് വീണ്ടും ചർച്ചയായത്.

2001ൽ നടന്ന കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട ബിപിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ 2006ൽ കോടതി വിട്ടയച്ചിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സത്യന്റെ ഭാര്യ ശകുന്തള മനോരമയോടു സംസാരിക്കുന്നു.

Q. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടായി എന്നതിൽ വസ്തുതയുണ്ടോ?

A. ശരിയാണ്, ഞാനും സത്യന്റെ ബന്ധുക്കളിൽ ചിലരും സംഭവം നടന്ന സ്ഥലത്തിനു സമീപമുള്ളവരും സാക്ഷികളായിരുന്നു.സാക്ഷികളിൽ ചിലർ അവരുടെ വശീകരണത്തിൽ വീണുപോയതായി സംശയമുണ്ട്. സഹായം ചെയ്യാമെന്ന രീതിയിലാണ് ആദ്യം പ്രതികൾക്കുവേണ്ടി ചിലർ ബന്ധപ്പെട്ടത്. വഴങ്ങില്ലായെന്നു കണ്ടപ്പോൾ ഭീഷണിയായി. പന്ത്രണ്ടും എട്ടും വയസ്സുള്ള മക്കളുമായി ബുദ്ധിമുട്ടി കഴിയുന്ന അവസ്ഥയായിരുന്നു അന്ന്. ഒരു ഭീഷണിയും താങ്ങാനുള്ള ശേഷിയില്ലായിരുന്നു. പക്ഷേ, ഭർത്താവിനെ കൊലപ്പെടുത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷേ, ചില സാക്ഷികൾ സത്യം മാറ്റിപ്പറഞ്ഞു. അതു കേസിനെ ദോഷകരമായി ബാധിച്ചുവെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. നിലപാട് മാറ്റിയവർക്ക് മനഃസമാധാനം കിട്ടുമെന്നു കരുതുന്നില്ല.

Q. സത്യൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ എന്തെങ്കിലും വെളിപ്പെടുത്തിയിരുന്നോ?

A. കരീലക്കുളങ്ങരയ്ക്കു സമീപം കോട്ടയ്ക്കകത്ത് ജംക്‌ഷനിൽ വച്ചായിരുന്നു വെട്ടിയത്. 13 പേരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ സത്യൻ എന്നോടു പറഞ്ഞിരുന്നു. എന്നാൽ, ബിപിൻ സി.ബാബു സംഘത്തിലുണ്ടായിരുന്നതായി പറഞ്ഞില്ല.

Q. കേസിൽ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ഇനി എന്താണു നിലപാടാണ്?

A. കേസ് വീണ്ടും വിചാരണ നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ വരരുത്. കോൺഗ്രസ് പാർട്ടി എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പം നിൽക്കും. ഞാൻ ഒറ്റയ്ക്കാണ് ഇപ്പോൾ കഴിയുന്നത്. മക്കൾ കുടുംബമായി വേറെ കഴിയുകയാണ്. ഇപ്പോഴും ഞാൻ ഭയന്നാണു കഴിയുന്നത്. 

English Summary:

Witnesses of Kaliekal Sathyan murder were influenced and threatened says Wife Shakuntala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com