റഹീമിന്റെ മോചനം: 34 കോടി തയാർ; സൗദിയിലെ കോടതിയെ അറിയിച്ചു
Mail This Article
ഫറോക്ക് ∙ വധശിക്ഷ വിധിക്കപ്പെട്ടു സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു സൗദി കുടുംബം ആവശ്യപ്പെട്ട ദയാധനം തയാറാണെന്നു റഹീമിന്റെ അഭിഭാഷകൻ റിയാദ് കോടതിയെ അറിയിച്ചു. ഈദ് അവധി കഴിഞ്ഞ് ഇന്നലെ കോടതി പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് ഇതു സംബന്ധിച്ച രേഖകൾ സമർപ്പിച്ചത്. സൗദി കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കോടതി മുഖേന ലഭ്യമായാൽ ഇന്ത്യൻ എംബസി വഴി പണം കൈമാറാനാകും. വധശിക്ഷ ഒഴിവാക്കാൻ സൗദി കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 15 മില്യൻ റിയാൽ (34 കോടി രൂപ) തയാറാണെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം സൗദി കുടുംബത്തെയും അവരുടെ അഭിഭാഷകരെയും അറിയിച്ചിരുന്നു.
തുടർന്നാണ് ഇക്കാര്യം കോടതിയിൽ രേഖാമൂലം സമർപ്പിച്ചത്. സൗദി കുടുംബത്തിന്റെ അഭിഭാഷകർ രേഖകൾ കോടതിയിൽ സമർപ്പിച്ചാൽ നടപടികൾ വേഗത്തിലാകും. ഇതിനു സൗദിയിലെ കമ്മിറ്റി ഭാരവാഹികൾ അഭിഭാഷകർ മുഖേന ഇടപെടൽ നടത്തുന്നുണ്ട്.
അതേസമയം, ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഐസിഐസിഐ, ഫെഡറൽ ബാങ്കുകളുടെ അക്കൗണ്ടുകൾ വഴിയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ഇതു വിദേശ മന്ത്രാലയത്തിനു കൈമാറുന്നതു സംബന്ധിച്ച് റഹീം നിയമ സഹായ കമ്മിറ്റി ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തി. വൈകാതെ തന്നെ പണം സൗദി കുടുംബത്തിനു കൈമാറാനാകും എന്നാണു പ്രതീക്ഷ. ഫണ്ട് സമാഹരണത്തിനു രൂപീകരിച്ച ട്രസ്റ്റ്, റഹീം ജയിൽ മോചിതനായി തിരിച്ചു വരുന്നതു വരെ നിലനിർത്താനാണു തീരുമാനമെന്നും, അക്കൗണ്ടുകളിൽ ലഭിച്ച തുകയുടെ ഓഡിറ്റിങ് നടത്തി വരികയാണെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സൗദിയിലെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകന്റെ ജീവൻരക്ഷാ ഉപകരണം കയ്യബദ്ധം മൂലം തകരാറായി മരണം സംഭവിച്ചതുമായി ബന്ധപ്പെട്ട കേസിലാണു റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്.