ADVERTISEMENT

കാലടി∙ ഇറ്റലിയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയൻ വ്യോമസേന രക്ഷപ്പെടുത്തി. ട്രക്കിങ്ങിനിടെ കാൽതെറ്റി ചരിവിലേക്കു വീണ കാഞ്ഞൂർ സ്വദേശി അനൂപിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ വ്യോമസേന സുരക്ഷിതമായി താഴ്‌വാരത്ത് എത്തിക്കുകയായിരുന്നു.

ഏപ്രിൽ 3നു നടന്ന സംഭവം ഇന്നലെയാണു നാട്ടുകാർ അറിഞ്ഞത്. ഇറ്റലിക്കാരനായ സുഹൃത്തുമൊത്ത് ട്രക്കിങ്ങിനു പോയതാണ് അനൂപ്. 2500 അടി ഉയരമുള്ള മഞ്ഞുമലയുടെ മുകളിലെത്താൻ മൂന്നര മണിക്കൂർ വേണം. 2400 അടി കയറിയപ്പോൾ ഇരുവരുടെയും കാൽ മരവിച്ചു. മുകളിലേക്കു കയറാനോ താഴേക്ക് ഇറങ്ങാനോ വയ്യാത്ത സ്ഥിതി. ഇതിനിടെ കാൽ തെറ്റി അനൂപ് മഞ്ഞുമലയുടെ ചരിവിലേക്കു വീഴുകയായിരുന്നു. 

വിനോദ സഞ്ചാരികൾ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് 6 മണിയോടെ വ്യോമസേനയുടെ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ എത്തി; ആദ്യശ്രമം ഫലം കണ്ടില്ല. രണ്ടാമതും ഹെലികോപ്റ്റർ വന്നു ശ്രമം തുടർന്നെങ്കിലും ഇരുട്ട് ആയതോടെ തിരികെ പോകേണ്ടി വന്നു. തുടർന്ന് പ്രത്യേക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററുമായി എത്തിയാണു വ്യോമസേന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. 

രാത്രി 11.45 ആയപ്പോൾ അനൂപിനെ രക്ഷിച്ചു താഴ്‌വാരത്ത് എത്തിച്ചു. അടിയന്തര സഹായത്തിനായി വ്യോമസേനയുടെ 45 അംഗ സംഘം താഴെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വൈകാതെ തന്നെ അനൂപിനെ ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നു തന്നെ  അനൂപിന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലായി. ഇറ്റലിയിൽ ഹോട്ടൽ‍ മാനേജ്മെന്റ് രംഗത്തു പ്രവർത്തിക്കുന്ന അനൂപ് 15 വയസ്സ് മുതൽ മാതാപിതാക്കളും സഹോദരിയുമൊത്ത് ഇറ്റലിയിലാണ്. പിതാവ് ബേബിയും മാതാവ് മോളിയും ഇറ്റലിയിൽ ജോലി ചെയ്യുകയാണ്.

English Summary:

Malayali youth stuck in snow, Italian Air Force assisted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com