കുഞ്ഞിന്റെ മരണം: കോടതിയെ സമീപിക്കാനൊരുങ്ങി അമ്മ
Mail This Article
താമരശ്ശേരി(കോഴിക്കോട്)∙ കുഞ്ഞിന്റെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർക്കു പരിചരണപിഴവു പറ്റിയെന്ന പരാതിയിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങി കുഞ്ഞിന്റെ അമ്മ. വക്കിൽ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ ചികിത്സാ സംബന്ധമായ രേഖകളുമായി കോടതിയെ നേരിട്ടു സമീപിക്കുമെന്ന് അമ്മ ബിന്ദു പറഞ്ഞു.
പുതുപ്പാടി ഈങ്ങാപ്പുഴ കോരങ്ങൽ ബിന്ദുവിനും കെ.ടി.ഗിരീഷിനും 8 വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 13നു രാത്രി പ്രസവ വേദനയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും പരിചരണം നൽകാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കി കെട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞു വിടുകയായിരുന്നു എന്നാണ് ബിന്ദു പരാതിയിൽ പറയുന്നത്.
മെഡിക്കൽ കോളജിൽ വച്ച് പ്രസവം നടന്നെങ്കിലും കുട്ടിയുടെ തലച്ചോറിനു ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ സംബന്ധിച്ച് ബിന്ദു ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് കോഴിക്കോട് അഡീഷനൽ ഡിഎംഒയെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.