വടത്തിൽ കുരുങ്ങി യുവാവിന്റെ മരണം: കുടുംബം നിയമനടപടിക്ക്
Mail This Article
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഒരുക്കിയ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വേണ്ടത്ര മുന്നറിയിപ്പില്ലാതെ റോഡിനു കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കൈ കഴുകുന്നു. വടം തട്ടി കഴുത്തിലെ നാഡികൾക്കും രക്തധമനിക്കും ക്ഷതമേറ്റതും വീഴ്ചയിൽ തലയ്ക്കു സംഭവിച്ച പരുക്കുമാണു മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കൊല്ലപ്പെട്ട സ്‌കൂട്ടർ യാത്രികൻ രവിപുരം മാനുള്ളിപ്പാടം വീട്ടിൽ മനോജ് ഉണ്ണി (28) മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചു വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്നു കൈകഴുകുന്ന നിലപാടാണ് പൊലീസ് ഇന്നലെയും സ്വീകരിച്ചത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകുമെന്നു മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി പറഞ്ഞു. മനോജിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്. വാഹനസഞ്ചാരമുള്ള പൊതുവഴികളിൽ മുന്നറിയിപ്പില്ലാതെ വടം കെട്ടി ഗതാഗതം തടയുമ്പോൾ വടം കാണുന്ന തരത്തിൽ റിഫ്ലക്ടർ സ്ഥാപിക്കാറുണ്ട്.
റോഡ് പണി നടക്കുമ്പോൾ പോലും ചുവന്ന തുണി ഉപയോഗിച്ചു മുന്നറിയിപ്പു നൽകാറുണ്ട്. വളഞ്ഞമ്പലം പോലുള്ള സ്ഥലങ്ങളിൽ മുൻകാലങ്ങളിൽ വിഐപി സുരക്ഷയുടെ ഭാഗമായി റോഡിൽ ഗതാഗതം തടയുമ്പോൾ ബാരിക്കേഡുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണു പൊലീസ് റോഡിനു കുറുകെ വടം കെട്ടി കുരുക്ക് ഒരുക്കിയതെന്നാണു ബന്ധുക്കളുടെ വിമർശനം.