പെൻഷൻ വാങ്ങാൻ നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു
Mail This Article
ചേർത്തല / കൊച്ചി∙ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ കാത്തുനിൽക്കുമ്പോൾ സബ് ട്രഷറിയിൽ കുഴഞ്ഞു വീണു മരിച്ചു. റിട്ട. അധ്യാപിക ചേർത്തല 26ാം വാർഡ് വല്ലയിൽ മാവുങ്കൽ ത്രേസ്യാമ്മയാണു (മോൻസി- 69) മരിച്ചത്. ഹൃദ്രോഗബാധയാണെന്നു ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇന്നു പോസ്റ്റ്മോർട്ടത്തിനു പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതിനു ശേഷം ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.
മക്കൾ സ്ഥലത്തില്ലാത്തതിനാൽ ത്രേസ്യാമ്മ വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ 11 നാണ് സബ് ട്രഷറിയിൽ കുഴഞ്ഞുവീണത്. ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചേർത്തല മതിലകം ലിറ്റിൽ ഫ്ലവർ യുപിഎസിലും വിവാഹ ശേഷം ഇടുക്കി രാജഗിരി ലിറ്റിൽ ഫ്ലവർ സ്‌കൂളിലും അധ്യാപികയായിരുന്നു. മക്കൾ: ഡോ.മിമിഷ, മെഡിക്കൽ വിദ്യാർഥിയായ മാനസ്.
തൃശൂർ വിയ്യൂർ ജയിലിൽ അതിസുരക്ഷാ വിഭാഗത്തിൽ തടവിൽ കഴിയുന്ന മോൻസൻ മാവുങ്കലിനു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാകുമോയെന്നു തീരുമാനമായിട്ടില്ല. പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മോൻസൻ പ്രതിയായ ക്രിമിനൽ കേസുകളിലൊന്നും ഭാര്യയോ മക്കളോ പ്രതികളല്ല. എന്നാൽ, ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസിൽ ഇവരും പ്രതികളാണ്. ത്രേസ്യാമ്മയെ ഇനി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും.