വടകരയിൽ പൊട്ടുന്നു, ആക്ഷേപ ബോംബ്
Mail This Article
കോഴിക്കോട് ∙ പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ വടകരക്കളരിയിൽ ഇതുവരെ കാണാത്ത ആയുധങ്ങൾ കൊണ്ടുള്ള അങ്കംവെട്ടാണ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യ സംബന്ധിച്ച ആരോപണ, പ്രത്യാരോപണങ്ങളാണു വടകരയിൽ കത്തിക്കയറുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയാണു സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അധിക്ഷേപം നടക്കുന്നെന്നു പറഞ്ഞു രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണിതെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിയും നൽകി.
ശൈലജയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ അറിയിച്ച് യുഡിഎഫ് എംഎൽഎമാരായ കെ.കെ.രമയും ഉമ തോമസും രംഗത്തുവന്നതു ‘ട്വിസ്റ്റ്’ ആയി. ശൈലജയുടെ പാർട്ടി നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെന്നും പൊതുരംഗത്ത് അവഹേളിക്കപ്പെടുന്ന സ്ത്രീകൾ നൽകുന്ന പരാതികളിലെല്ലാം ഗൗരവപൂർണമായ നടപടികൾ എടുക്കണമെന്നും രമയും ഉമ തോമസും ആവശ്യപ്പെട്ടത് അപ്രതീക്ഷിത നീക്കമായി.
∙ സൈബർ ആക്രമണങ്ങൾക്ക് 2 പേർ മാത്രമാണ് ഉത്തരവാദികൾ. ഒന്ന്, പോസ്റ്റ് സൃഷ്ടിക്കുന്നയാൾ; മറ്റൊന്ന്, ആഭ്യന്തര വകുപ്പ്. - രാഹുൽ മാങ്കൂട്ടത്തിൽ (വടകരയിൽ യുഡിഎഫിന്റെ പ്രചാരണച്ചുമതല)
∙ വ്യക്തിപരമായ അധിക്ഷേപം ശരിയല്ല. രാഷ്ട്രീയത്തെയും ആശയത്തെയും വിമർശിക്കാം. - മന്ത്രി പി.എ.മുഹമ്മദ് റിയാസ് (വടകരയിൽ എൽഡിഎഫിന്റെ പ്രചാരണച്ചുമതല)