തൊണ്ടിമുതൽ കേസ്: സർക്കാർ സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്ന് ആന്റണി രാജു
Mail This Article
ന്യൂഡൽഹി ∙ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതാപരമായ പിഴവുണ്ടെന്ന് മുൻമന്ത്രി ആന്റണി രാജു സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തിൽ പിഴവുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകുകയാണ് വേണ്ടതെന്നു സംസ്ഥാന സർക്കാരും വാദിച്ചു. എന്നാൽ, കേസിന്റെ തുടക്കത്തിൽ പ്രതിക്കൊപ്പം നിലകൊണ്ട സർക്കാർ നിലപാടു മാറ്റിയതല്ലേ പ്രശ്നമായതെന്നു ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ച് ചോദിച്ചു. തുടർന്ന് ഹർജി മേയ് 7നു പരിഗണിക്കാൻ മാറ്റി.
മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ, കോടതിയിലിരുന്ന തൊണ്ടിമുതൽ മാറ്റിയെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. തന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള കേസാണിതെന്ന ആന്റണി രാജുവിന്റെ വാദം തള്ളി കേസിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറും ആന്റണി രാജുവിനു വേണ്ടി ദീപക് പ്രകാശും ഹാജരായി.