ജെസ്ന കേസ്: രക്തം പുരണ്ട വസ്ത്രം പൊലീസ് കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ
Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപു കാണാതായ ജെസ്ന മറിയ ജയിംസിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും സിബിഐക്ക് ഈ വസ്ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് തടസ്സവാദം ഉന്നയിച്ചതോടെയാണു കോടതി സിബിഐയോട് വിശദീകരണം തേടിയത്. കേസ് 24ലേക്കു മാറ്റി.
ജെസ്നയുടെ വീട്ടിൽ നിന്നു രക്തം പുരണ്ട വസ്ത്രങ്ങൾ എടുത്തിരുന്നെങ്കിൽ അതു പൊലീസ് രേഖകളിൽ ഉണ്ടാകുമായിരുന്നു. എന്നാൽ അത്തരം രേഖ കണ്ടെത്താനായില്ലെന്നു സിബിഐ ഉദ്യോഗസ്ഥൻ നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തിട്ടില്ലെന്നു പിതാവ് ആരോപിച്ചു. എന്നാൽ എല്ലാവരുടെയും മൊഴിയെടുത്തെന്നു സിബിഐ പറഞ്ഞു.
ജെസ്ന ഗർഭിണിയല്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. രക്തസ്രാവം ഉണ്ടായപ്പോൾ ജെസ്ന ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആർത്തവവുമായി ബന്ധപ്പെട്ടാണു രക്തസ്രാവം ഉണ്ടായത്. രക്തം പുരണ്ട വസ്ത്രം കഴുകിയതായി ജെസ്നയുടെ സഹോദരിയുടെ മൊഴിയുണ്ട്. ജെസ്ന മരിച്ചതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നും സിബിഐ അറിയിച്ചു. ജെസ്ന വീട്ടിൽ നിന്നു പോകുന്നതിനു മുൻപ് അമിത രക്തസ്രാവം ഉണ്ടായിരുന്നതായും ജെസ്ന തിരോധാനക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് രക്തം പുരണ്ട വസ്ത്രം ശേഖരിച്ചിരുന്നതായുമാണു പിതാവിന്റെ ഹർജിയിൽ പറയുന്നത്. രക്തം പരിശോധിച്ചാൽ ആർത്തവ രക്തമാണോ അല്ലയോ എന്ന് വ്യക്തമാകും. ജെസ്ന ജീവനോടെയില്ലെന്നാണു കുടുംബത്തിന്റെ അന്വേഷണത്തിൽ വ്യക്തമായതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ ആദ്യ അന്വേഷണം നടത്തിയതു ഡിവൈഎസ്പി ചന്ദ്രശേഖരപിള്ളയാണെന്നും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം മാത്രമാണു ചന്ദ്രശേഖരപിള്ള നടത്തിയതെന്നും മുഴുനീള അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോടു വിശദമായ വിവരങ്ങൾ തേടിയെന്നും സിബിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. താൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐ 6 മാസം കൂടി തുടരന്വേഷണം നടത്തണമെന്ന പുതിയ ഹർജി പിതാവ് ഇന്നലെ സമർപ്പിച്ചു.