പൊന്നാനി: കോട്ടയും പിന്നെ പരീക്ഷണങ്ങളും
Mail This Article
‘ഫുട്ബോൾ വളരെ ലളിതമാണ്. 22 പേർ ഒരു പന്തിനു പിന്നാലെ ഓടുന്നു. അവസാനം ജർമനി ജയിക്കുന്നു’– ഇംഗ്ലണ്ടിന്റെ സ്ട്രൈക്കർ ഗാരി ലിനേക്കർ പണ്ടു പറഞ്ഞതിനു സമാനമായ വിശ്വാസമാണ് പൊന്നാനി മണ്ഡലത്തിലെ യുഡിഎഫിനും ഉള്ളത്. പല പാർട്ടികളും മത്സരിക്കുന്നുവെങ്കിലും അവസാനം മുസ്‌ലിം ലീഗ് ജയിക്കുന്നു. 1977 മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മണ്ഡലത്തിലെ വോട്ട് കണക്കാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.
ജി.എം.ബനാത്ത്‌വാലയിലൂടെ ലീഗ് 1977ൽ നീട്ടിയടിച്ച ലോങ് പാസ് ഇപ്പോൾ എം.പി.അബ്ദുസ്സമദ് സമദാനിയുടെ കാലുകളിലാണ്. വിജയഗോളിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മുസ്‌ലിം ലീഗിന്റെ കളരിയിൽ പഠിച്ച കെ.എസ്.ഹംസയെ കളത്തിലിറക്കി സിപിഎം നൽകുന്ന സന്ദേശവും വ്യക്തം– ‘പച്ച ലഡു ഉരുട്ടാൻ വരട്ടെ’. വിജയക്കൊടിയെന്ന ഗാരന്റിയുമായി ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ കൂടി എത്തിയതോടെ മത്സരം ചൂടായി.
ഇടതുവാദം
എൽഡിഎഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണശാലയാണു പൊന്നാനി. സ്വതന്ത്ര സ്ഥാനാർഥികളിലൂടെ വിജയം നേടാനുള്ള ശ്രമം 1977 ൽ തന്നെ തുടങ്ങിയിരുന്നു. 2009 ൽ പിഡിപി പിന്തുണയോടെ ഡോ. ഹുസൈൻ രണ്ടത്താണി, 2014 ൽ നിലവിലെ മന്ത്രി വി.അബ്ദുറഹിമാൻ, 2019 ൽ നിലവിലെ നിലമ്പൂർ എംഎൽഎ പി.വി.അൻവർ എന്നിവരൊക്കെ സ്വതന്ത്രരായി മത്സരിച്ചു.
പക്ഷേ, പൊന്നാനി ചുവന്നില്ല. ഇതേ ശ്രേണിയിലെ പുതിയ പരീക്ഷണമാണ് കെ.എസ്.ഹംസ. ‘ഇടതുസ്വതന്ത്രൻ’ പക്ഷേ അങ്കത്തട്ടിൽ കയറിയപ്പോൾ ഔദ്യോഗിക സ്ഥാനാർഥിയായി. 1971 ൽ എം.കെ.കൃഷ്ണനു ശേഷം സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കുന്നയാൾ കൂടിയാണ് തൃശൂർ തൊഴൂപ്പാടം സ്വദേശിയായ ഹംസ. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന ഹംസയെ കഴിഞ്ഞവർഷമാണു ലീഗിൽനിന്നു പുറത്താക്കിയത്. അവസരം മണത്ത എൽഡിഎഫ് കയ്യോടെ പിടിച്ചു സ്ഥാനാർഥിയാക്കി.
കണക്കുകൂട്ടൽ ഇങ്ങനെ: ലീഗ് അണികളുമായുള്ള ബന്ധം. സമസ്ത അണികളിൽ ലീഗുമായി സ്വരച്ചേർച്ചയിലല്ലാത്ത ഒരുവിഭാഗത്തിന്റെ വോട്ടുകിട്ടാനുള്ള സാധ്യത. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 നിയമസഭാ മണ്ഡലങ്ങളിൽ നാലും (പൊന്നാനി, തൃത്താല, താനൂർ, തവനൂർ) ഇടത് സിറ്റിങ് സീറ്റാണെന്നത് ഹംസയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മുഴുവൻ സമയം രംഗത്തുള്ള 2 മന്ത്രിമാരുടെ (വി.അബ്ദുറഹിമാൻ – താനൂർ, എം.ബി.രാജേഷ്– തൃത്താല) ബന്ധങ്ങളുടെ ബലത്തിലും എൽഡിഎഫ് വിശ്വസിക്കുന്നു.
തിരിച്ചുവരവ്
കോട്ടയ്ക്കൽ സ്വദേശി എം.പി.അബ്ദുസ്സമദ് സമദാനിക്ക് സ്വന്തം നാട് ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവാണിത്. ലീഗ് പ്രവർത്തകർ പറയുന്നു: ‘ഭൂരിപക്ഷം എത്ര കൂടുമെന്ന ചോദ്യം മാത്രമേയുള്ളൂ’. ചരിത്രം അവർ തെളിവായി നിരത്തുന്നു. കഴിഞ്ഞ 10 ലോക്സഭാ തിരഞ്ഞെടുപ്പുകളെടുത്താൽ പൊന്നാനിയിൽ മുസ്‌ലിം ലീഗിന് അരലക്ഷത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചത് ഒരിക്കൽ മാത്രമാണ് (2014 ലെ ഭൂരിപക്ഷം 25,410).
6 തവണ ഒരു ലക്ഷത്തിലധികവും 3 തവണ അരലക്ഷത്തിലധികവുമായിരുന്നു ഭൂരിപക്ഷം. മഞ്ചേരിയെന്ന ലീഗ് കോട്ട നിലംപതിച്ച 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പൊന്നാനി ഒരുലക്ഷത്തിലധികം ഭൂരിപക്ഷം നൽകി. മുന്നണിക്കു പുറത്തും സമ്മതിയുള്ള നേതാവെന്ന നിലയ്ക്ക് സമദാനി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എൽഡിഎഫിന്റെ കൈവശമുള്ള 4 നിയമസഭാ മണ്ഡലങ്ങളുടെ ലീഡ് ഭേദിക്കാൻ ലീഗിന്റെ വോട്ടുബാങ്ക് ധാരാളമെന്നും പ്രവർത്തകർ പറയുന്നു.
വിജയവും വോട്ട് വിഹിതത്തിലെ വളർച്ചയുമാണ് എൻഡിഎ സ്ഥാനാർഥി നിവേദിത ലക്ഷ്യമിടുന്നത്. 1989 ൽ പൊന്നാനിയിൽ ബിജെപിക്കു ലഭിച്ചത് 48,892 വോട്ടുകളാണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 1.10 ലക്ഷം വോട്ടായി.
അടി, തിരിച്ചടി, അടിയൊഴുക്ക്
പൗരത്വവിഷയം തന്നെയാണ് ഇരുമുന്നണികളുടെയും പ്രധാന ആയുധം. പ്രാദേശിക, വികസന വിഷയങ്ങളും തരാതരം ഉപയോഗിക്കുന്നു. എൽഡിഎഫിന്റെ ‘പൊന്നാനി പരീക്ഷണങ്ങളിൽ’ ഏറ്റവും ദുർബലനായ സ്ഥാനാർഥിയാണ് കെ.എസ്.ഹംസയെന്നു ലീഗിന്റെ വാദം.
കുറ്റിപ്പുറത്ത് കെ.ടി.ജലീൽ അപ്രസക്തനാണെന്നു പറഞ്ഞവരല്ലേയെന്ന് എൽഡിഎഫ് തിരിച്ചടി. ഇടതുമുന്നണി പേരു പ്രഖ്യാപിച്ചതിനു പിന്നാലെ, ഹംസ മുൻപ് യുഡിഎഫ് സമരവേദിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിക്കുന്ന വിഡിയോ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു. ലീഗ് മൂലധനശക്തികളുടെ പിടിയിലാണെന്നു ഹംസ ഒരു ഘട്ടത്തിൽ തുറന്നടിച്ചു. ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും തിരമാലകൾക്കടിയിൽ നിശ്ശബ്ദമൊരു ഒഴുക്കുണ്ടാകുമോയെന്ന് ഇരുമുന്നണിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ലീഗ്– സമസ്ത ഉൾപ്പോരിൽ വോട്ടു മറിയുമെന്ന് എൽഡിഎഫിന്റെ പ്രതീക്ഷ. ചോർച്ചയുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ.
എം.പി.അബ്ദുസ്സമദ് സമദാനി (65)
മുസ്‌ലിം ലീഗ്
∙ മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ്. മികച്ച വാഗ്മി.
∙ ലോക്സഭയിലേക്ക് രണ്ടാമങ്കം. 2 തവണ രാജ്യസഭയിൽ. ഒരു തവണ എംഎൽഎ
∙ മലയാളം, ഉറുദു, ഹിന്ദി, അറബിക്, പേർഷ്യൻ, സംസ്കൃതം ഭാഷകളിൽ പ്രാവീണ്യം.
അനുകൂലം
∙ പരിചയസമ്പത്ത്, മണ്ഡലത്തിൽ ലീഗിനുള്ള ജനകീയ അടിത്തറ
∙ ലീഗ് അണികൾക്കു പുറമേ മറ്റു വിഭാഗങ്ങളിലുമുള്ള സ്വീകാര്യത
∙ സ്വന്തം മണ്ണിലെ മത്സരം.
പ്രതികൂലം
∙ സമസ്തയിലെ ഒരു വിഭാഗത്തിനു ലീഗുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ.
∙ മണ്ഡലം മാറി മത്സരിക്കുന്നതിനെതിരായ പ്രചാരണം.
കെ.എസ്.ഹംസ (56)
സിപിഎം
∙ ലീഗിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
∙ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പദവികൾ വഹിച്ചു.
∙ മലബാർ കോളജ് ഓഫ് എൻജിനീയറിങ്, ഇഖ്റ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ.
അനുകൂലം
∙ ലീഗ് അണികളുമായും സമസ്ത നേതാക്കളുമായുമുള്ള വ്യക്തി ബന്ധം
∙ രാഷ്ട്രീയത്തിൽ താഴേത്തട്ടിൽനിന്നു വളർന്നതിന്റെ കരുത്ത്.
∙ സിപിഎമ്മിന്റെ സംഘടനാ ശേഷി.
പ്രതികൂലം
∙ പൊന്നാനി മണ്ഡലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം.
∙ മറുകണ്ടം ചാടിയെന്ന വിമർശനം.
∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കന്നിയങ്കം.
നിവേദിത സുബ്രഹ്മണ്യൻ (53)
ബിജെപി
∙ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ.
∙ തൃശൂർ, ചാവക്കാട് കോടതികളിൽ അഭിഭാഷക
∙ 2016ൽ ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു.
അനുകൂലം
∙ പ്രധാന മുന്നണി സ്ഥാനാർഥികളിലെ ഏക വനിത
∙ തുടർച്ചയായി ബിജെപി വോട്ടു വിഹിതത്തിലുണ്ടാവുന്ന വർധന
∙ തിരഞ്ഞെടുപ്പിൽ മത്സരിച്ചുള്ള പരിചയം.
പ്രതികൂലം
∙ പൗരത്വ വിഷയമടക്കമുള്ളവയിൽ ഉയരുന്ന പ്രതിഷേധം
∙സംഘടനാ ശക്തിയിലെ പോരായ്മ.
∙ ന്യൂനപക്ഷ വോട്ട് ബാങ്കിലേക്ക് കടന്നുചെല്ലാനുള്ള ബുദ്ധിമുട്ട്