എസ്എഫ്ഐയുടെ ആക്രമണം പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല; രാഷ്ട്രപതിക്ക് എല്ലാ മാസവും റിപ്പോർട്ട് നൽകുന്നുണ്ട്: ഗവർണർ
Mail This Article
തിരുവനന്തപുരം∙എസ്എഫ്ഐ തനിക്കെതിരെ നടത്തുന്ന അക്രമത്തെ കുറിച്ചും പ്രതിഷേധത്തെ കുറിച്ചും നേരിട്ടു പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും രാഷ്ട്രപതിക്ക് എല്ലാ മാസവും റിപ്പോർട്ട് നൽകുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഗവർണർക്കെതിരെ സർക്കാരും ഇടതുപക്ഷവും നടത്തുന്ന നീക്കത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാം എന്നും ഇതിലും മോശമായ ആക്രമണങ്ങൾ താൻ മുൻപ് നേരിട്ടിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. സർക്കാരിൽ നിന്നു രാജ്ഭവനു ലഭിക്കേണ്ട പണം പോലും കൃത്യമായി അനുവദിക്കുന്നില്ലെന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
‘രാഷ്ട്രപതിക്കു നൽകുന്ന റിപ്പോർട്ടിൽ കേരളത്തിലെ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. അത് എന്റെ ഉത്തരവാദിത്തമാണ്. കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കുന്ന പരിപാടി നടത്തരുതെന്നു സർവകലാശാല കൃത്യമായി നിർദേശം നൽകിയിരുന്നു. എന്നാൽ നിയമ ലംഘനം അവകാശമായി കാണുന്ന ചിലരുണ്ട്. ചില അജൻഡകൾ നടപ്പാക്കാനാണ് ഇത്. ഇക്കാര്യം ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്.
പ്രതിഷേധങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനമുണ്ട്. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ കാറിൽ അടിക്കുന്നതു പ്രതിഷേധമല്ല. സമാധാനപരമായി ആർക്കും പ്രതിഷേധിക്കാം. എനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്. അക്രമം ജനാധിപത്യവിരുദ്ധമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ ക്രമസമാധാനനില താൻ പ്രത്യേകമായി പരിശോധിക്കില്ല. എല്ലാം നന്നായി നടക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പു സമയത്ത് താൻ തിരുവനന്തപുരത്തു തന്നെ ഉണ്ടാകും’– ഗവർണർ പറഞ്ഞു.