തൃശൂർ പൂരം: സൂര്യൻ തിളച്ചു, പൂരം ജ്വലിച്ചു; കണ്ണിനാനന്ദമായി കുടമാറ്റം
Mail This Article
തൃശൂർ ∙ തീക്കടലിൽനിന്ന് ആവേശത്തിന്റെ കടകോൽ കൊണ്ടു കടഞ്ഞെടുത്ത നറുവെണ്ണപോലെ പൂരം. മാനത്തേക്കുയർന്നു താളമിട്ട ആയിരക്കണക്കിനു കൈകൾ കൊടുങ്കാറ്റിലെന്നപോലെയാണ് ആടിയുലഞ്ഞത്. പകൽ മുഴുവൻ സർവസന്നാഹവുമെടുത്തു പെയ്ത തീവെയിലിലും പൂരം ആഹ്ലാദത്തിന്റെ കടലായും കാറ്റായും വീശിയടിച്ചു. സൂര്യതേജസ്സു മെല്ലെ കുടമടക്കി സന്ധ്യയുടെ ചോപ്പു വിരിച്ചതോടെ തെക്കേ ഗോപുര നടയിൽ ആവേശത്തിന്റെ ഇരുകരകളിലുമായി കൊതി തോന്നുന്ന കുടകൾ മാറിമാറി ഉയർന്നു. തീക്കാറ്റിനും ഉലയ്ക്കാനാകാതെ നാടിന്റെ പൂരം.
ആകാശം മങ്ങിക്കിടക്കുമ്പോഴാണു പൂരം തുടങ്ങിയത്. കണിമംഗലം ശാസ്താവ് വെയിലും മഞ്ഞും കൊള്ളാതെ വടക്കുന്നാഥന്റെ മുന്നിലേക്ക് എഴുന്നള്ളുമ്പോൾ ഉടൻ മഴ ചാറുമെന്നു തോന്നി. പക്ഷേ 9 മണിയോടെ സൂര്യൻ വെയിൽക്കുട നിവർത്തി. പൊള്ളുന്ന ചൂടിലാണ് ഘടക പൂരങ്ങൾ ഒന്നൊന്നായി കയറിവന്നത്. ഇതിനൊപ്പം ആയിരങ്ങൾ തേക്കിൻകാട്ടിലേക്കു കയറി. വടക്കുന്നാഥൻ പതിവുപോലെ പൂജകൾ പൂർത്തിയാക്കി പത്തരയോടെ നടയടച്ചിരുന്നു.
ഏഴരയോടെ തിരുവമ്പാടിയിൽനിന്നു മഠത്തിലേക്ക് എഴുന്നള്ളിച്ച ഭഗവതിയെ മഠത്തിൽ ഇറക്കി പൂജിച്ചു. തുടർന്നു തിടമ്പു കോലത്തിലേക്കു മാറ്റി. കുട്ടംകുളങ്ങര അർജുനനും പുതുപ്പള്ളി സാധുവിനും ഇടയിലേക്കു തിരുവമ്പാടി ചന്ദ്രശേഖരൻ പൊന്നിൻ ശോഭയുള്ള തിടമ്പുമായി വന്നുനിൽക്കവേ ആയിരങ്ങൾ ആർപ്പുവിളിച്ചു. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിലുള്ള പഞ്ചവാദ്യപ്പെരുക്കം നിറഞ്ഞു. മദ്ദളത്തിനും തിമിലയ്ക്കും ഇടയ്ക്കയ്ക്കുമെല്ലാം തനിയാവർത്തനത്തിന്റെ പെരുക്കങ്ങൾ.
അപ്പോഴേക്കും പാറമേക്കാവിനു മുന്നിൽ ആനകൾ നിരന്നിരുന്നു. ഇരുവശത്തുമായി ഏഴാനകൾ വീതം നിരക്കവേ നടുവിലെ സ്ഥലം മാത്രം ബാക്കിവച്ചു. ക്ഷേത്രമുറ്റത്തെ കണ്ണുകൾ മുഴുവൻ അവിടേക്കായിരുന്നു.
12.23നു ക്ഷേത്രത്തിന് അകത്തുനിന്നും നടപാണ്ടി മേളം കേട്ടുതുടങ്ങി. പെട്ടെന്നു 14 ആനപ്പുറത്തും ചുവന്ന പട്ടുകുടകൾ കയറി. നിമിഷങ്ങൾക്കകം ഗുരുവായൂരപ്പന്റെ ആനയായ നന്ദന്റെ ശിരസ്സിലേറി ഭഗവതി പ്രൗഢഗംഭീരയായി പുറത്തേക്കു വന്നു. വെയിലിൽ കണ്ണഞ്ചിപ്പിക്കുന്ന 15 സ്വർണ നെറ്റിപ്പട്ടങ്ങൾ.
കൊമ്പന്മാരായ ഗുരുവായൂർ രാജശേഖരൻ വലത്തും പല്ലാട്ടു ബ്രഹ്മദത്തൻ ഇടത്തുമായി നിന്നു ഭഗവതിയെ വരവേറ്റു. ചെമ്പട മേളത്തിന്റെ ആദ്യകാലം അപ്പോഴേക്കും കിഴക്കൂട്ട് അനിയൻ മാരാരുടെ താളപ്പെരുക്കത്തിൽ വിരിഞ്ഞുതുടങ്ങിയിരുന്നു. പിന്നീടതു വളർന്ന് ഇലയായും കൊമ്പായും പൂവായും ഇലഞ്ഞിത്തറയിൽ പൂത്തുലഞ്ഞു. മനം നിറച്ച കുടമാറ്റം കഴിയുമ്പോഴേക്കും രാത്രി പിറന്നു. ക്ഷേത്രങ്ങളിൽ രാത്രി പൂരത്തിനുള്ള ഒരുക്കവും തുടങ്ങിയിരുന്നു.