‘ബിഹാറിന്റെ റോബിൻഹുഡ് ’: മോഷണമുതലിന്റെ ഒരു ഭാഗം നാട്ടുകാർക്ക് നൽകുന്ന കള്ളൻ, ആളുള്ള വീടുകളിൽ മോഷ്ടിക്കുന്നത് ‘ത്രിൽ’
Mail This Article
കൊച്ചി ∙ ‘ബിഹാറിന്റെ റോബിൻഹുഡ്’. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന കള്ളൻ. ഇതാണു മുഹമ്മദ് ഇർഫാന് ഇത്തരമൊരു പേരു ലഭിക്കാൻ കാരണം. എടിഎമ്മുകളിൽ മോഷണം നടത്തുന്ന ഹൈടെക് കള്ളന്റെ കഥയുമായി 2009ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷിയുടെ വീട്ടിൽത്തന്നെ മോഷണം നടത്തിയാണ് അഭിനവ റോബിൻഹുഡ് ഇത്തവണ കുടുങ്ങിയത് എന്നതാണു കഥയുടെ മറുവശം.
ഉജാല എന്നും ഇർഫാനു പേരുണ്ട്. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുള്ളത്.
2023 ഫെബ്രുവരിയിൽ പുണെയിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ പഞ്ചാബിൽ നിന്നാണു പിടികൂടിയത്. അന്ന് 4 പേർക്കൊപ്പം ആഡംബര കാറിൽ എത്തിയായിരുന്നു മോഷണം. മറ്റു പല കള്ളന്മാരിൽ നിന്നു വ്യത്യസ്തമായി ആളുള്ള വീടുകളിൽ മോഷണം നടത്തുന്നതിലാണ് ഇർഫാന്റെ ത്രിൽ. മാത്രമല്ല, അതീവ സുരക്ഷയുള്ള പാർപ്പിട മേഖലകൾ കണ്ടെത്തി മോഷണം നടത്തുന്ന പതിവും പ്രതിക്കുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള എംപി ആൻഡ് എംഎൽഎ കോളനിയിലെ വീട്ടിൽ നിന്നു സ്വർണമാല കവർന്നു കടന്നത് ഇതിന് ഉദാഹരണം.
വീട്ടിനുള്ളിൽ മോഷണം നടത്തി പുറത്തിറങ്ങിയ ഇർഫാനെ അയൽപക്കക്കാരൻ കണ്ട് ആളെക്കൂട്ടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ പ്രതി മുങ്ങി. പിന്നീടു രണ്ടാഴ്ചയ്ക്കു ശേഷമാണു പ്രതിയെ പിടികൂടാൻ ജൂബിലി ഹിൽസ് പൊലീസിനായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വെറും 4 മാസത്തിനുള്ളിലാണു പനമ്പിള്ളിനഗറിലെത്തി മോഷണം നടത്തിയത്. 2012ലും 2017ലും പ്രതി ഡൽഹിയിൽ മോഷണം നടത്തി പിടിയിലായിട്ടുണ്ട്. മോഷണത്തിനുള്ള വീടു കണ്ടെത്തിയാൽ ദിവസങ്ങളോളം കർശന നിരീക്ഷണത്തിലൂടെ വീട്ടിലുള്ളവരുടെ ദിനചര്യകൾ മനസ്സിലാക്കും. പിന്നെ സാഹചര്യങ്ങൾ അനുകൂലമാകുന്ന ദിവസം മതിൽ ചാടി ഉള്ളിലെത്തി മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടു പൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തും.