പ്രവർത്തിക്കാതെ കിടന്ന കടമുറി തുറന്നു; ഉടമയ്ക്കും കുടുംബത്തിനും സിപിഎം പ്രാദേശിക നേതാക്കളുടെ മർദനം
Mail This Article
അടൂർ ∙ തർക്കത്തെ തുടർന്ന് പ്രവർത്തിക്കാതെ കിടന്ന കടമുറി തുറന്ന ഉടമയെയും കുടുംബാംഗങ്ങളെയും സിപിഎം നേതാക്കൾ മർദിച്ചെന്ന് കേസ്. ശൂരനാട് കൈലാസത്തിൽ അനിത (39), ഭർത്താവ് ലതീഷ് (46), അനിതയുടെ പിതാവ് രവി, ലതീഷിന്റെ പിതാവ് സദാശിവൻ (70) എന്നിവരെ മർദിച്ചെന്നാണ് കേസ്. ഇവരുടെ കൈക്കും തലയ്ക്കും മുഖത്തുമൊക്കെ പരുക്കേറ്റു. സിപിഎമ്മിലെ പള്ളിക്കൽ പഞ്ചായത്ത് അംഗം വിനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനു ചന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ദിൻരാജ്, ശ്യാം എന്നിവർക്കെതിരെയാണ് കേസ്.
ഇന്നലെ രാവിലെ 11.30ന് തെങ്ങമം കൊല്ലായ്ക്കലാണ് സംഭവം. അനിതയുടെ പിതാവ് രവിയുടെ പേരിലുള്ള കടമുറി കോവിഡിനു മുൻപ് തെങ്ങമം റൂറൽ ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കായി ദിൻരാജിന്റെ നേതൃത്വത്തിൽ വാടകയ്ക്ക് എടുത്തിരുന്നു. ഒരു വർഷം മാത്രമാണ് പ്രവർത്തിച്ചത്. പിന്നീട് വാടക നൽകുകയോ കരാർ പുതുക്കുകയോ ചെയ്തില്ല. ഇതിനിടെ പലതവണ കടമുറി ഒഴിഞ്ഞു കൊടുക്കണമെന്ന് പറഞ്ഞെങ്കിലും ഒഴിഞ്ഞു കൊടുത്തില്ലെന്നും അനിത പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ കടമുറി രവിയുടെ പേരിൽ നിന്ന് മകൾ അനിതയുടെ പേരിലേക്ക് മാറ്റി. ഈ മുറിയിൽ അനിതയ്ക്ക് കസ്റ്റമർ സർവീസ് സെന്റർ തുടങ്ങുന്നതിന്റെ ആവശ്യത്തിലേക്കായി ഇന്നലെ തുറന്നപ്പോഴാണ് വിനീഷിന്റെയും ദിൻരാജിന്റെയും നേതൃത്വത്തിൽ ഇവരെ മർദിച്ചത്.
അതേസമയം, മർദിച്ചെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കടമുറിയിൽ സൂക്ഷിച്ചിരുന്ന പണവും ഫർണിച്ചറും കടയുടമകൾ എടുത്തു കൊണ്ടു പോയതായും ദിൻരാജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.