ADVERTISEMENT

തിരുവനന്തപുരം∙ ഇതര സംസ്ഥാനങ്ങളിലേക്കു ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ 1500ൽപരം കേരള സായുധ പൊലീസ് സേനാംഗങ്ങൾ തപാൽ വോട്ടുകൾ രേഖപ്പെടുത്താനാവാതെ പ്രതിസന്ധിയിൽ. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള 18 കമ്പനി സായുധ പൊലീസ് സേനാംഗങ്ങൾക്ക് തപാൽ ബാലറ്റുകൾ എത്തിച്ചു നൽകാനാവില്ലെന്നും ഇവർ സ്വന്തം മണ്ഡലങ്ങളിൽ മുൻകൂട്ടി എത്തി വോട്ടിങ് ഫെസിലിറ്റേഷൻ സെന്ററുകളിൽ (വിഎഫ്സി) വോട്ടു ചെയ്യണമെന്നും അധികൃതർ നിർദേശിച്ചതായാണു പരാതി. 

ഏപ്രിൽ പകുതിയോടെയാണ് ഇത്രയും സേനാംഗങ്ങൾ തപാൽ ബാലറ്റിനായി അപേക്ഷിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനായി ഡ്യൂട്ടിക്കു പോയാൽ ഇടയ്ക്കു തിരിച്ചുവരാനാവില്ലെന്നും അതിനാൽ വിഎഫ്സികളിൽ എത്തി വോട്ടു ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം തങ്ങൾക്കു വിലങ്ങുതടിയാകുമെന്നും ചൂണ്ടിക്കാട്ടി ഇവർ കേരള പൊലീസ്, സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനങ്ങളിൽ മുൻകൂട്ടി പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതര സംസ്ഥാനങ്ങളിലേക്കു ഡ്യൂട്ടിക്കു പോകാൻ നിയോഗിക്കപ്പെടുന്ന സേനാംഗങ്ങൾ ഏറെയും ഭരണപക്ഷ അനുകൂലികൾ അല്ലാത്തതിനാൽ പൊലീസ് അസോസിയേഷനും ഉത്സാഹമില്ല. 

മറ്റു സംസ്ഥാനങ്ങളിൽ ഡ്യൂട്ടിക്കു പോകുന്ന പൊലീസുകാർക്ക് അവരുടെ ഔദ്യോഗിക മേൽവിലാസത്തിലാണ് മുൻപ് തപാൽ ബാലറ്റുകൾ എത്തിച്ചിരുന്നത്. തുടർന്ന് അതത് ബറ്റാലിയനുകളിലെ ഇലക്‌ഷൻ സെല്ലുകളിൽ നിന്ന് ഇവർ എവിടെയാണെന്നു കണ്ടെത്തി പ്രത്യേക ദൂതൻ വഴി ബാലറ്റുകൾ എത്തിച്ചു നൽകും. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ കവറുകളിലാക്കി തപാലിൽ നേരിട്ട് വരണാധികാരിക്ക് അയയ്ക്കുകയോ ദൂതൻ വശം തിരികെ കേരളത്തിലെത്തിച്ച് വരണാധികാരിയുടെ ഓഫിസിലേക്ക് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുകയോ ആണ് ഇതുവരെ ചെയ്തിരുന്നത്. ഇത്തവണ ഈ സംവിധാനം ഒരുക്കിയിട്ടില്ല.

English Summary:

Election duty in other states; postal vote in crisis for 1500 policemen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com