മത്സരചിത്രം: മൂന്ന് നിലപാട്; കലാശക്കൊട്ട് നേതാക്കളുടെ വക!
Mail This Article
നാളെ പോളിങ് ബൂത്തിലേക്കു പോകുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും? മൂന്നു മുന്നണികളുടെയും നേതാക്കൾ പ്രതീക്ഷ പങ്കിടുന്നു. മലയാള മനോരമ തിരുവനന്തപുരം ഓഫിസിൽ സംഘടിപ്പിച്ച ‘പോൾ കഫേ’യിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ നടത്തിയത് വാക്പോരിന്റെ കലാശക്കൊട്ട്.
മത്സരചിത്രം: മൂന്ന് നിലപാട്
3 മുന്നണികൾ മത്സരിക്കുമ്പോൾ സാങ്കേതികമായി അതു ത്രികോണ മത്സരമാണെന്ന് എം.വി.ഗോവിന്ദൻ. പക്ഷേ, ത്രികോണത്തിന്റെ ജയിക്കുന്ന കോണിൽ അദ്ദേഹം എൻഡിഎ മുന്നണിയെ കാണുന്നില്ല. എല്ലായിടത്തും എൻഡിഎയ്ക്കു വിജയപ്രതീക്ഷയുണ്ടെന്നാണു പി.കെ.കൃഷ്ണദാസിന്റെ വാദം. എന്നാൽ, തിരുവനന്തപുരത്തും തൃശൂരിലും മാത്രമാണു ത്രികോണമത്സരമെന്ന് എം.എം.ഹസൻ.
അവസാന ആയുധം വിഷമോ?
ഇടതുകക്ഷികൾക്കും കോൺഗ്രസിനും സേനാനായകനില്ലെന്നും ആവനാഴി ശൂന്യമാണെന്നും വിമർശിച്ച കൃഷ്ണദാസിനെ, ബിജെപിയുടെ ആവനാഴിയിലെ അവസാനത്തെ ആയുധം ‘വിഷ’മാണോ എന്ന ചോദ്യത്തോടെ ഹസൻ നേരിട്ടു. ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ മറ്റുള്ളവരുടെ സ്വത്തെടുത്തു മുസ്‌ലിംകൾക്കു കൊടുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞതു ക്രിമിനൽ കുറ്റമാണെന്നു ഹസൻ രോഷം കൊണ്ടു. മോദി വർഗീയവാദിയാണെന്നും വർഗീയ ഭ്രാന്താണെന്നും കടത്തിപ്പറഞ്ഞു എം.വി.ഗോവിന്ദൻ.
ചൂടുപിടിച്ച് സിഎഎ
തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം പൗരത്വ നിയമമാണെന്ന് എം.വി.ഗോവിന്ദൻ. മതരാഷ്ട്രമാണു ലക്ഷ്യം. അതിനെ വേണ്ടവിധം കൈകാര്യം ചെയ്യാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്ന വിമർശനം ഗോവിന്ദൻ ആവർത്തിച്ചു. സിപിഎം നേതാക്കൾ കോൺഗ്രസിന്റെ പ്രകടനപത്രിക വായിക്കണമെന്നു ഹസൻ തിരിച്ചടിച്ചു.
സിഎഎ അല്ല വികസനമാണ് ഈ തിരഞ്ഞെടുപ്പിലെ വിഷയമെന്നു കൃഷ്ണദാസിന്റെ വാദം. അദാനിയെപ്പോലുള്ളവരല്ലാതെ ആരാണു വികസിച്ചതെന്നു ഗോവിന്ദൻ ചോദിച്ചു. ഏറ്റവും കടുതൽ പേർ പട്ടിണി കിടക്കുന്ന രാജ്യം, ഏറ്റവുമധികം പേർക്കു വീടില്ലാത്ത രാജ്യം, തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ രാജ്യം. ഇതിനെല്ലാം ഉത്തരം ഇന്ത്യയല്ലേ? ചോദ്യത്തിൽ ഹസനും പങ്കുചേർന്നു.
അന്തർധാരയുണ്ട്, ക്രോസ് വോട്ടിങ് ഇല്ല
അന്തർധാര സജീവമാണെന്ന കാര്യത്തിൽ 3 പേർക്കും തർക്കമില്ല. ആരൊക്കെ തമ്മിലാണ് എന്നതിലാണു തർക്കം. പക്ഷേ എവിടെയും ക്രോസ് വോട്ടിങ്ങിലേക്കു പോകുമെന്ന് ഗോവിന്ദനും കൃഷ്ണദാസും കരുതുന്നില്ല. തിരുവനന്തപുരമടക്കം എല്ലായിടത്തും എൽഡിഎഫിന്റെ വോട്ട് എൽഡിഎഫിനു തന്നെയെന്നു ഗോവിന്ദൻ ഉറപ്പിക്കുന്നു. തിരുവനന്തപുരത്ത് വോട്ടു മറിക്കില്ലെന്നു പറഞ്ഞതു സ്വാഗതം ചെയ്യുന്നുവെന്നു കൃഷ്ണദാസിന്റെ ട്രോൾ. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും സിപിഎം ബിജെപിക്ക് വോട്ടുമറിക്കുമെന്ന് ഹസനു സംശയം ബാക്കി.
എത്ര സീറ്റിൽ ജയിക്കും?
20 സീറ്റും ജയിക്കുമെന്നാണ് എം.വി.ഗോവിന്ദന്റെയും എം.എം.ഹസന്റെയും അവകാശവാദം. മോദി മൂന്നാമത് അധികാരത്തിൽ വരുമ്പോൾ കേരളത്തിൽനിന്ന് എൻഡിഎ പ്രതിനിധികൾ പാർലമെന്റിലുണ്ടാകും എന്നതിനപ്പുറം സംഖ്യ പറയാൻ പി.കെ.കൃഷ്ണദാസ് തയാറായില്ല.
അത് രാഷ്ട്രീയ ഡിഎൻഎ
തിരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും. സൈബർ ആക്രമണങ്ങൾ നിയന്ത്രിക്കണം. കെ.കെ. ശൈലജയ്‌ക്കെതിരെ നടത്തിയ അശ്ലീല പ്രചാരണവും പി.വി.അൻവർ രാഹുൽ ഗാന്ധിയെക്കുറിച്ചു പറഞ്ഞതും തമ്മിൽ കൂട്ടിക്കെട്ടേണ്ട. അൻവർ ഉദ്ദേശിച്ചതു രാഷ്ട്രീയമായ ഡിഎൻഎ പരിശോധന എന്നാകാം. നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നയാളാണു ഞാൻ. - എം.വി.ഗോവിന്ദൻ
കേരളത്തിൽ മുഖ്യശത്രു എൽഡിഎഫ്
ദേശീയതലത്തിൽ മുഖ്യശത്രു ബിജെപി തന്നെ. കേരളത്തിൽ എൽഡിഎഫുമായാണു ഞങ്ങൾ ഏറ്റുമുട്ടുന്നത്. ബിജെപിക്കു കൈനീട്ടം പോലും കിട്ടില്ല. 8 വർഷമായി കേരളം ഭരിക്കുന്നവർ നടത്തിയ ജനദ്രോഹത്തിനും അക്രമത്തിനും അഴിമതിക്കും ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയിക്കും. - എം.എം.ഹസൻ
‘രണ്ടക്കം’ അഭ്യർഥന
കേരളത്തിൽ രണ്ടക്കം എന്നു മോദി പറഞ്ഞത് അവകാശവാദമല്ല. അഭ്യർഥന വയ്ക്കുകയാണു ചെയ്തത്. കോൺഗ്രസ് പ്രീണന നയമാണു പ്രയോഗിക്കുന്നത്. അതു രാഷ്ട്രവിഭജനത്തിലേക്കുവരെ എത്തിച്ചേരാൻ സാധ്യതയുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഒരുപോലെ കാണാൻ അവർ തയാറാകുന്നില്ല. - പി.കെ.കൃഷ്ണദാസ്