വിരഹത്തിന്റെ വ്യാഴവട്ടത്തിനു വിട; വീണ്ടും കണ്ടുമുട്ടി അമ്മയും മകളും
Mail This Article
സന (യെമൻ) ∙ ‘െന്റ കുട്ട്യേ...’ എന്നു വിളിച്ചു പ്രേമകുമാരി മകളെ ചേർത്തണച്ചു. 12 വർഷത്തിനു ശേഷം അമ്മ മകളെ കണ്ടുമുട്ടിയ നിമിഷം. യെമൻ സ്വദേശിയായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ ഇന്നലെ രാവിലെയാണു പ്രേമകുമാരിക്കും അവരെ സഹായിക്കുന്ന പ്രവാസിയും മനുഷ്യാവകാശ പ്രവർത്തകനുമായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചത്. സനയിലെ ഇന്ത്യൻ പ്രതിനിധികളായ നഫീ, ദുഹാ എന്നിവർ വഴിയാണ് അനുമതി തേടിയത്.
യെമൻ സമയം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ജയിലിലെത്തിയ പ്രേമകുമാരിയെയും ജെറോമിനെയും ജയിലിനകത്തെ മുറിയിലേക്കെത്തിച്ചു. മൊബൈൽ ഫോണുകളും മറ്റും പിടിച്ചുവച്ച ശേഷമായിരുന്നു പ്രവേശനം അനുവദിച്ചത്. വൈകാതെ നിമിഷപ്രിയയെ മുറിയിലെത്തിച്ചു.
നിമിഷയ്ക്കൊപ്പം വൈകിട്ട് അഞ്ചരവരെ തുടരാൻ അമ്മയെ അധികൃതർ അനുവദിച്ചു. നിമിഷയും അമ്മയും ഒരുമിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്സുമായ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്.