ADVERTISEMENT

തിരുവനന്തപുരം∙ പല ബൂത്തുകളിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും എംപിക്കെതിരെ പോലും അക്രമം അഴിച്ചുവിട്ടുവെന്നും കെപിസിസി ആക്‌ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആരോപിച്ചു. പത്തനംതിട്ടയിലെ എട്ടു ബൂത്തുകളിൽ മൂന്നു മണിക്കൂർ യന്ത്രത്തിലെ പ്രശ്നം കാരണം വോട്ടെടുപ്പ് മുടങ്ങി. തിരഞ്ഞെടുപ്പു കമ്മിഷനെ ബന്ധപ്പെട്ടപ്പോൾ 6 മണിക്ക് ക്യൂവിൽ നിന്നവർക്ക് വോട്ട് ചെയ്യാമെന്നാണു പറഞ്ഞത്. കാസർകോട് പയ്യന്നൂർ, കല്യാശ്ശേരി നിയോജകമണ്ഡലങ്ങളിൽ കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നു.

കള്ളവോട്ട് ചോദ്യം ചെയ്തതിന് പട്ടുവത്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ കാർ ആക്രമിച്ചു. വാർഡ് അംഗം സിന്ധുവിനെ ആക്രമിച്ചു. ഇവിടെ സിപിഎം ബൂത്ത് പിടിച്ചെടുത്തു. കാസർകോട് മൗവ്വൽ പഞ്ചായത്തിൽ രണ്ടു കയ്യുമില്ലാത്ത യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം ബൂത്തിൽ കയറി മർദിച്ചു. കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകളിലൊന്നും തിരഞ്ഞെടുപ്പു കമ്മിഷൻ മുൻകരുതൽ എടുത്തില്ല. തളിപ്പറമ്പ് ആന്തൂരിൽ സിപിഎം ഗ്രാമങ്ങളിൽ കള്ളവോട്ട് നടന്നു. വടകര പാനൂരിൽ രണ്ടു പ്രിസൈഡിങ് ഓഫിസർമാരെ ചുമതലയിൽനിന്നു മാറ്റിയതു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പരാതി അനുസരിച്ചാണ്.

നാൽപതും അൻപതും വയസ്സായ വോട്ടർമാർക്കു കാഴ്ചശക്തിയില്ലെന്നു പറഞ്ഞ് ഓപ്പൺ വോട്ട് അനുവദിക്കുകയാണു പ്രിസൈഡിങ് ഓഫിസർമാർ ചെയ്തത്. ആറ്റിങ്ങൽ ആനാട് യുഡിഎഫ് പ്രവർത്തകരെ സിപിഎം ആക്രമിച്ചു. എന്തെല്ലാം അക്രമം അഴിച്ചു വിട്ടാലും 20 സീറ്റിലും യുഡിഎഫ് വിജയിക്കും. സിപിഎം–ബിജെപി അന്തർധാര എന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണു പുറത്തുവരുന്നത്. ഇ.പി.ജയരാജനു ജാഗ്രതക്കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞത് ജയരാജനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കമാണ്. പിണറായിയുടെ ദല്ലാളായാണ് ഇ.പി.ജയരാജൻ ജാവഡേക്കറെ കണ്ടത്. ജയരാജനെന്ന ശിവനെ പാപിയാക്കിയതു പിണറായിയാണ്. എൽഡിഎഫ് ദുർഭരണത്തിനെതിരെയുള്ള താക്കീതാകും തിരഞ്ഞെടുപ്പു ഫലമെന്നും ഹസൻ പറഞ്ഞു.

നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ല: വി.ഡി.സതീശൻ

തിരുവനന്തപുരം∙ സംസ്ഥാനത്തു സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തുനിന്നു മടങ്ങി. തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിങ് നടന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്നു സംശയമുണ്ട്. വോട്ടിങ് യന്ത്രത്തിലെ തകരാറുകൾ കണ്ടെത്തിയ ബൂത്തുകളിലും സമയം നീട്ടി നൽകിയില്ലെന്നു സതീശൻ ആരോപിച്ചു.

English Summary:

CPM done widespread fake voting says MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com