കാട്ടിൽ ബൂത്ത് വന്നപ്പോൾ ഊരുമൂപ്പന്റെ വോട്ട് വെട്ടി
Mail This Article
വാണിയമ്പുഴ (മലപ്പുറം) ∙ സ്വന്തം ‘കാട്ടിൽ’ ആദ്യമായി ബൂത്ത് വന്നപ്പോൾ ഊരിലെ മൂപ്പന്റെ വോട്ട് വെട്ടി. കുമ്പളപ്പാറ ആദിവാസി കോളനിയിലെ മൂപ്പൻ ചാത്തൻ (65) ആണ് ജില്ലയിൽ ഇത്തവണ പുതുതായി അനുവദിച്ച വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ബൂത്തിലെത്തി സങ്കടത്തോടെ മടങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ 10 കിലോമീറ്റർ സഞ്ചരിച്ച് വോട്ട് ചെയ്തയാൾക്കാണ് വനത്തിനകത്തുതന്നെ സ്വന്തം കോളനിക്കടുത്ത് പോളിങ് സ്റ്റേഷൻ അനുവദിച്ചപ്പോൾ വോട്ട് ഇല്ലാതായത്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ നിലമ്പൂർ നിയോജക മണ്ഡലത്തിലാണ് സംഭവം. നേരത്തേ 10 കിലോമീറ്റർ അകലെ ഭൂദാനം ശാന്തിഗ്രാം ഗ്രാമസഭാ ഹാളിലെ ബൂത്തിലായിരുന്നു ചാത്തന് വോട്ട്. നടന്നും അധികൃതർ ഒരുക്കിയ വാഹനത്തിലുമൊക്കെയായി ചെന്ന് സ്ഥിരം വോട്ട് ചെയ്യാറുള്ള അദ്ദേഹം ഇന്നലെ തൊട്ടടുത്ത ഇരുട്ടുകുത്തി കോളനിയിൽ അനുവദിച്ച ബൂത്തിലേക്ക് ഏറെ ആവേശത്തോടെയാണ് കുടുംബാംഗങ്ങൾക്കൊപ്പം ചെന്നത്. തിരിച്ചറിയൽ കാർഡും പിടിച്ച് വരിയിൽ നിൽക്കുമ്പോഴാണ് തന്റെ പേര് വോട്ടർപട്ടികയിലില്ലെന്ന് അറിഞ്ഞത്. കോളനിവാസികളുടെ വോട്ട് പുതിയ ബൂത്തിലേക്ക് മാറ്റിയപ്പോഴാണ് ചാത്തന്റെ പേര് വെട്ടിപ്പോയത്.
നിരാശനായ അദ്ദേഹത്തെ ബിഎൽഒ കെ.എസ്.പ്രീതിയും പൊലീസുകാരും സമാധാനിപ്പിച്ചു. ഭർത്താവിന് വോട്ടില്ലെന്നറിഞ്ഞതോടെ ഭാര്യ കുറുമ്പിയും പ്രതിഷേധമറിയിച്ചു. വാർഡ് അംഗം തങ്ക കൃഷ്ണൻ പഴയ ബൂത്തിലെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടോയെന്ന് അന്വേഷിച്ചെങ്കിലും അവിടെയും ഇല്ലെന്നറിഞ്ഞു. ഇതോടെ വോട്ട് ചെയ്ത കുടുംബാംഗങ്ങൾക്കൊപ്പം ആദ്യമായി ചൂണ്ടുവിരലിൽ മഷിയില്ലാതെ ചാത്തൻ ഊരിലേക്കു മടങ്ങി.