ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി; 200 കോടിയോളം രൂപയുടെ സ്വത്ത് സർക്കാർ അധീനതയിലേക്ക്
Mail This Article
തൃശൂർ ∙ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ സെഷൻസ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലാകും.
ഇതോടൊപ്പം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹർജിയും കോടതി തള്ളി. ഏകദേശം 200 കോടി രൂപയുടെ സ്വത്താണു സർക്കാർ കൈവശമാകുക.
കേസിൽ കൂടുതൽ പരാതിക്കാർ രംഗത്തുവരുന്നതു തടയാനാണു പ്രതികൾ തുടക്കംമുതൽ ശ്രമിച്ചത്. എന്നാൽ കോടതി ഇതു മണി ചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്കു മുന്നിൽ കൂടുതൽ പരാതിക്കാർ വരും.
കലക്ടർ വി.ആർ.കൃഷ്ണതേജയുടെ സമയോചിതമായ ഇടപെടലാണു ബഡ്സ് നിയമപ്രകാരം ഹൈറിച്ചിന്റെ ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള ആസ്തി കണ്ടുകെട്ടിയത്. വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ട്.