ADVERTISEMENT

കൊച്ചി ∙ വർഷംതോറും കെട്ടിടനികുതി കൂട്ടാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിന്റെ മറവിൽ തദ്ദേശസ്ഥാപനങ്ങൾ നികുതിനിരക്കിൽ വർധന വരുത്തുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ തടഞ്ഞു. നികുതിനിരക്കിനു പകരം നികുതിയിൽ വർധന വരുത്താനാണു ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം നികുതി നിരക്കിൽ വർധന വരുത്തിയിട്ടുണ്ടെങ്കിൽ അതിൽ മാറ്റം വരുത്തണമെന്നും അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കിൽ അത് അടുത്ത വർഷത്തെ നികുതിയിൽ കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. 

കെട്ടിടനികുതി പുതുക്കി നിശ്ചയിക്കാൻ കഴിഞ്ഞ വർഷം മാർച്ച് 22ന് ആണ് സർക്കാർ ഉത്തരവിറക്കിയത്. 2023–24 മുതൽ അടുത്ത അഞ്ചു വർഷം കെട്ടിടനികുതി ഓരോ വർഷവും തൊട്ടു മുൻവർഷത്തെ നികുതിയേക്കാൾ 5% വീതം വർധിപ്പിക്കാനായിരുന്നു സർക്കാർ നിർദേശം. വീടുകളുടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായും നിശ്ചയിച്ചു. നികുതി നിരക്കിൽ 5% വർധന വരുമ്പോൾ ഇത് 6.3 രൂപയാകും. പഞ്ചായത്ത്‌രാജ് ചട്ടപ്രകാരം ഇതു പൂർണസംഖ്യയിൽ ക്രമപ്പെടുത്തണം. ഇങ്ങനെ വരുമ്പോൾ ചതുരശ്ര മീറ്ററിന് 7 രൂപയാകും. ഇത്തരത്തിൽ നികുതി നിരക്കു ക്രമീകരിക്കാൻ തൃശൂർ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് തയാറായില്ല. പഞ്ചായത്ത് സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു ഇത്. തുടർന്നാണു വിഷയം സർക്കാർ ഓംബുഡ്സ്മാന്റെ പരിഗണനയ്ക്കു വിട്ടത്. 

നികുതി നിരക്കിൽ വർധന വരുത്തിയാൽ വർധന 16.25 ശതമാനമായി മാറുമെന്ന് ഓംബുഡ്സ്മാൻ വിലയിരുത്തി. 500 ചതുരശ്രമീറ്റർ വലുപ്പമുള്ള കെട്ടിടത്തിന് നിലവിൽ 300 രൂപയാണ് നികുതി എങ്കിൽ നിരക്ക് വർധന വരുത്തിയാൽ 350 രൂപയായി മാറും. നിലവിലെ നികുതിയിലാണ് വർധന എങ്കിൽ 315 രൂപ മാത്രമാണ് ആകുക. നികുതി നിരക്കിൽ വർധന വരുത്താൻ അനുമതി നൽകിയിട്ടില്ലെന്നും ഇതിൽ വ്യക്തത വരുത്തുമെന്നും വിഷയത്തിൽ കക്ഷിയായ തദ്ദേശഭരണ വകുപ്പ് ഡയറക്ടറും അറിയിച്ചു. 

English Summary:

Building tax Ombudsman blocks rate hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com