ജയരാജൻ വിഷയം: അതൃപ്തി പരസ്യമാക്കി സിപിഐ
Mail This Article
തിരുവനന്തപുരം ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയ സംഭവത്തിൽ അതൃപ്തി പ്രകടമാക്കി സിപിഐ. സംഭവം സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ജയരാജനു ജാഗ്രതക്കുറവുണ്ടായി. ദല്ലാളുമാരുമായി ഇടതു നേതാക്കൾ അടുപ്പം പുലർത്തരുത്. ഇ.പി എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ സിപിഎം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുത്താൻ ആർജവമുള്ള പാർട്ടിയാണ് സിപിഎം എന്നും ബിനോയ് വിശ്വം പറഞ്ഞു.
വോട്ടെടുപ്പു ദിവസം തന്നെ സംഭവം വിവാദമാകുകയും ജാവഡേക്കറെ കണ്ടെന്ന് ഇ.പി.ജയരാജൻ പരസ്യമായി സമ്മതിക്കുകയും ചെയ്തതിൽ ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ അന്നു തന്നെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റുന്നതിനെക്കുറിച്ച് ഇന്നു ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണു സൂചന. യോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കുമോ എന്നതിൽ അഭ്യൂഹമുണ്ടായെങ്കിലും ‘അങ്ങനെയൊരു ചോദ്യത്തിന് എന്തു പ്രസക്തി’ എന്ന മറുപടിയാണ് അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയത്.
‘‘ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ചു ഇ.പി.ജയരാജനെ കണ്ടു. അപ്പോൾ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ ടെൻഷനിലായി. പിറ്റേന്നു ബിജെപിയിൽ ചേരാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരിക്കെ അദ്ദേഹം പെട്ടെന്നു പിന്മാറി’’– ശോഭ സുരേന്ദ്രൻ.
‘‘ജാഗ്രതക്കുറവുണ്ടായി എന്നു മുഖ്യമന്ത്രി പറഞ്ഞത് എല്ലാവർക്കുമുള്ള സന്ദേശമാണ്. മാധ്യമങ്ങൾക്കും അതു ബാധകമാണ്’’– ഇ.പി.ജയരാജൻ.