മന്ത്രി വാസവൻ കലാശക്കൊട്ടിൽ നിന്ന് വിട്ടുനിന്നോ? ചർച്ച കൊഴുക്കുന്നു; ജോസ് കെ. മാണിയും പങ്കെടുത്തില്ലെന്ന് ഇടതുമുന്നണി
Mail This Article
കോട്ടയം ∙ മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു വിവാദം. മന്ത്രി മനഃപൂർവം പങ്കെടുക്കാതിരുന്നതാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണു വിവാദം. എന്നാൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നില്ലല്ലോ, അങ്ങനെയെങ്കിൽ അതും വിവാദമാകേണ്ടതല്ലേയെന്നാണ് ഇടതുമുന്നണി ചോദിക്കുന്നത്.
കോട്ടയത്തെ കലാശക്കൊട്ടിൽ ആരൊക്കെ പങ്കെടുക്കണമെന്നതു സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് പാർട്ടി നിർദേശിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ജോസ് കെ. മാണിക്ക് പാലായിലെ കലാശക്കൊട്ടിൽ പങ്കെടുക്കാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ, കടുത്ത തലവേദന കാരണം അതിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മനഃപൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് ഇടതുമുന്നണി പറയുന്നത്. വാസവൻ പങ്കെടുക്കാതിരുന്നതു കുഴപ്പമായി കാണുന്നില്ലെന്നും പ്രചാരണരംഗത്ത് അദ്ദേഹം സജീവമായിരുന്നെന്നും കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും പ്രതികരിച്ചു.
വിവാദങ്ങൾക്കു ചെവികൊടുക്കാതെ മന്ത്രി വാസവൻ ജോർജിയയിലേക്കു പോയി. ഇന്ന് ആരംഭിക്കുന്ന ഏഷ്യ പസിഫിക് കോ ഓപ്പറേറ്റീവ് മൂവ്മെന്റ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായാണ് പോയത്.