കെപിസിസി: വോട്ടെണ്ണും വരെ ഹസൻ തുടർന്നേക്കും
Mail This Article
തിരുവനന്തപുരം ∙ വോട്ടെടുപ്പു കഴിഞ്ഞതോടെ കെപിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ കെ.സുധാകരൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ തൽക്കാലം തുടർന്നേക്കും. തിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെയാണ് ഹസനെ എഐസിസി നിയമിച്ചിരിക്കുന്നത്. ഫലം വരുന്നതു വരെ ഹസൻ തുടരട്ടെയെന്ന മനോഗതത്തിലാണ് എഐസിസി. തിരഞ്ഞെടുപ്പുഫലം ഏതെങ്കിലും തരത്തിൽ നേതൃമാറ്റത്തിലേക്ക് എത്തിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്.
സുധാകരൻ മടങ്ങിയെത്തുമ്പോൾ ഒഴിയുന്നതിൽ ഹസനു വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാകാൻ ഇടയില്ല. യുഡിഎഫ് കൺവീനർ എന്ന പ്രധാന പദവിയുണ്ട്. എന്നാൽ ആക്ടിങ് പ്രസിഡന്റായി നിയമിച്ചത് എഐസിസിയായതിനാൽ തീരുമാനവും അവിടെനിന്നു വരണം. എഐസിസിയുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ ഫണ്ടുകൾ അടക്കം ഹസൻ കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ടു തന്നെ തിരികെ സുധാകരനെ ഏൽപിക്കണമെങ്കിൽ അവിടെ നിന്നു മറിച്ചൊരു നിർദേശം രേഖാമൂലം ഇരുവർക്കും ലഭിക്കുകയും വേണം. ഇന്നലെ തലസ്ഥാനത്ത് ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സുധാകരനുമായും ഹസനുമായും ആശയവിനിമയം നടത്തി. വോട്ടെടുപ്പ് വിലയിരുത്താൻ കെപിസിസി ഭാരവാഹികളുടെയും സ്ഥാനാർഥികളുടെയും യോഗം നാലിന് എം.എം.ഹസൻ വിളിച്ചിട്ടുണ്ട്.