ഒരുക്കങ്ങളാകാതെ തന്നെ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം
Mail This Article
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മേയ് ഒന്നുമുതൽ തന്നെ നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് ഗതാഗതവകുപ്പ്. എന്നാൽ പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാതെ എങ്ങനെ ടെസ്റ്റ് നടത്തുമെന്നതിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. അതിനിടെ, ഇപ്പോൾ ബുക്ക് ചെയ്തിരിക്കുന്നതും മേയ് മുതൽ ടെസ്റ്റിന് തീയതി നൽകിയിട്ടുമുള്ള അപേക്ഷകർക്ക് നേരത്തേ നിശ്ചയിച്ചു നൽകിയ തീയതികൾ റദ്ദാക്കിയെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമുള്ള സന്ദേശം വ്യാപകമായി നൽകി. കോവിഡ് സമയത്ത് അയച്ചതു പോലെ, നേരത്തേ അനുവദിച്ച തീയതിയിൽ കോവിഡ് മൂലം മാറ്റമുണ്ടൈന്നാണ് സന്ദേശം. ഇത് എന്തിനാണെന്നതിനും ഉന്നത ഉദ്യോഗസ്ഥർക്ക് മറുപടിയില്ല.
പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. ഈ നീക്കത്തിനെതിരെ സമരം ആസൂത്രണം ചെയ്യാൻ ഇന്നു സിഐടിയു യോഗം വിളിച്ചിട്ടുണ്ട്. നേരത്തേയും സിഐടിയുവിന്റെ നേതൃത്വത്തിൽ ഇതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് തിരഞ്ഞെടുപ്പുവരെ പരിഷ്കാരം നിർത്തിവയ്ക്കാൻ നിർദേശിച്ചുവെന്നാണ് അന്നു കേട്ടതെങ്കിലും മന്ത്രി കെ.ബി. ഗണേഷ്കുമാർ ഇൗ പരിഷ്കാരം നടപ്പാക്കാനുള്ള ശക്തമായ നിലപാടിൽ നിന്നു പിന്നാക്കം പോയിട്ടില്ല. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകൾ സജ്ജമാക്കണം. എന്നാൽ മാവേലിക്കരയിൽ മാത്രമാണ് പരിഷ്‌കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് സജ്ജമായത്.
മന്ത്രിയുടെ നിർദേശപ്രകാരം 77 ഇടത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിൽ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാൽ പുതിയ രീതിയിൽ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് മോട്ടർ വാഹനവകുപ്പ് . ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തി പുറകിലേക്ക് എടുക്കുന്നത് എന്നിവ ഉൾപ്പെട്ടതാണ് കാറിന്റെ ലൈസൻസ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടിൽ വേണം. അതേസമയം ഒരു ദിവസം ഒരു ഓഫിസിൽ 30 ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദേശത്തിൽ നിന്നു പിൻമാറാനും മോട്ടർ വാഹനവകുപ്പ് തയാറായിട്ടില്ല. ഇത് ഉയർത്തണമെന്നാണ് സിഐടിയുവിന്റെ മറ്റൊരു പ്രധാന ആവശ്യം.