ദല്ലാൾ നീക്കത്തിൽ പൊള്ളി ബിജെപി കേരള ഘടകം; നന്ദകുമാറിനെ ഉപയോഗിച്ചത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വിലയിരുത്തൽ
Mail This Article
തിരുവനന്തപുരം ∙ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെ പാർട്ടിയിലെത്തിക്കാൻ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ ദല്ലാൾ നന്ദകുമാർ വഴി നടത്തിയ നീക്കത്തിൽ ബിജെപി കേരള ഘടകത്തിന് അതൃപ്തി. കേന്ദ്രനേതൃത്വം നടത്തിയ ഇൗ നീക്കങ്ങളൊന്നും കേരള നേതൃത്വത്തിൽ അധികമാരും അറിഞ്ഞിരുന്നില്ല. വോട്ടെടുപ്പിനു തൊട്ടുമുൻപു ശോഭ സുരേന്ദ്രനെതിരെ 10 ലക്ഷം രൂപയുടെ ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്തുവന്നതോടെയാണു ജയരാജന്റെ പേരിലേക്കു കാര്യങ്ങളെത്തിയത്.
ബിജെപിയിലേക്ക് അനിൽ ആന്റണിയും പത്മജ വേണുഗോപാലും ഉൾപ്പെടെ നേതാക്കളെത്തിയതും കേരളത്തിലെ മുതിർന്ന ഒന്നോ രണ്ടോ നേതാക്കൾ ഒഴികെ മറ്റാരും അറിയാതെ നടന്ന നീക്കങ്ങളിലൂടെയാണ്. ജയരാജന്റെ കാര്യത്തിൽ പ്രകാശ് ജാവഡേക്കർ ദല്ലാൾ നന്ദകുമാറിനെപ്പോലെ ഒരാളെ ഉപയോഗിച്ചാണ് നീക്കം നടത്തിയതെന്നത് പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നതാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.