12 സീറ്റുകളിൽ വിജയസാധ്യതയെന്ന് സിപിഎം; അഞ്ചു വരെ ഉറപ്പിക്കാം
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 12 സീറ്റുകളിൽ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മുസ്‌ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇതിൽ 10 എണ്ണം സിപിഎമ്മിന്റെയും രണ്ടെണ്ണം സിപിഐയുടെയും സീറ്റുകളാണ്. അതേസമയം സിറ്റിങ് സീറ്റായ ആലപ്പുഴയും മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയവും നഷ്ടമായേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് എൽഡിഎഫ് വിജയ സാധ്യത കാണുന്ന മണ്ഡലങ്ങൾ. ഇതിൽ ഉറച്ച ജയസാധ്യത കാണുന്ന നാലു മണ്ഡലങ്ങൾ ഇവയാണ്: ആലത്തൂർ, പാലക്കാട്, മാവേലിക്കര, ആറ്റിങ്ങൽ. പത്തനംതിട്ടയാണ് അഞ്ചാം സ്ഥാനത്ത്. ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ കണക്കിലെടുത്താൽ കൊല്ലത്തും ആലപ്പുഴയിലും അടക്കം എൽഡിഎഫ് ജയിക്കും. ഈ കണക്കുകൾ സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരായി നടത്തിയ പ്രചാരണം ഗുണം ചെയ്തുവെന്നും ന്യൂനപക്ഷ വോട്ടുകൾ കാര്യമായി ലഭിച്ചുവെന്നുമാണ് പാർട്ടി വിലയിരുത്തൽ. വോട്ടിങ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ദോഷമാകില്ല. ഭരണ വിരുദ്ധ വികാരം കാര്യമായി ഉണ്ടായിട്ടില്ല. 2019ലെ പോലെ രാഹുൽഗാന്ധി മത്സരിക്കുന്നതു മൂലം യുഡിഎഫ് അനുകൂല തരംഗവുമില്ല. മണ്ഡലങ്ങളിൽ നിന്നു ബൂത്ത് അടിസ്ഥാനത്തിലുള്ള സാധ്യതാ കണക്കെടുപ്പ് ക്രോഡീകരിച്ചുള്ള വിലയിരുത്തൽ പൂർത്തിയായിട്ടില്ല.