ADVERTISEMENT

കണ്ണൂർ ∙ തിരഞ്ഞെടുപ്പിനു തലേന്ന് തനിക്കെതിരെ ഉയർന്ന ആരോപണം യുഡിഎഫും ചില മാധ്യമങ്ങളും ചേർന്ന് തയാറാക്കിയ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

Qവിവാദത്തിനു പിന്നിൽ എന്താണ്? 

Aഒരു ഗൂഢപദ്ധതി ബന്ധപ്പെട്ടവർ തയാറാക്കിയിരുന്നു. ആരോപണം സാധാരണ വാർത്ത പോലെ അവതരിപ്പിക്കാനും തിരഞ്ഞെടുപ്പിന്റെ തലേന്ന് ഉച്ചയ്ക്കു ശേഷം  ‘ബോംബ് പൊട്ടിക്കാ’നും ആയിരുന്നു പദ്ധതി. 

2023 മാർച്ച് 5ന് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോഴാണ് ദല്ലാൾ നന്ദകുമാറും ജാവഡേക്കറും ഫ്ലാറ്റിൽ വരുന്നത്. ഞാൻ അദ്ഭുതപ്പെട്ടു. അതുവഴി പോകുമ്പോൾ പരിചയപ്പെടാൻ കയറിയതാണെന്നു പറഞ്ഞു. വളരെ സന്തോഷം എന്നു ഞാനും പറഞ്ഞു. ഞാൻ അത്യാവശ്യമായി ഒരിടത്തേക്കു പോകാൻ ഇറങ്ങുകയാണെന്നു പറഞ്ഞു. ഞങ്ങൾ ഒന്നിച്ചിറങ്ങി. ഇരിക്കുകപോലും ചെയ്യാതെ വർത്തമാനം പറഞ്ഞ് പിരിയുകയാണു ചെയ്തത്. 5 മിനിറ്റ് പോലുമുണ്ടായിരുന്നില്ല.  

സുധാകരൻ ബിജെപിയിലേക്കു പോകുന്നുവെന്നു തെളിവുകളും വസ്തുതകളും ഹാജരാക്കി ഞാൻ പത്രസമ്മേളനം നടത്തി 2 മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന വാർത്തയാണു വരുന്നത്. എന്നെപ്പോലുള്ള ഒരാളെക്കുറിച്ച് ഇങ്ങനെയൊരു വാർത്ത എന്തടിസ്ഥാനത്തിലാണു മാധ്യമങ്ങൾ കൊടുത്തത്? ഒരാൾ വീട്ടിൽ കയറി വരുമ്പോൾ ഇറങ്ങിപ്പോകാനാണോ പറയേണ്ടത്? എങ്ങനെയാണ് ദല്ലാളിനൊപ്പം ബിജെപിയുടെ ദേശീയ നേതാവ് വന്നതെന്ന് നിങ്ങളാരും അന്വേഷിച്ചില്ലല്ലോ. ഞങ്ങളെ ബ്ലാക്മെയിൽ ചെയ്യുമ്പോൾ, വ്യക്തിഹത്യ നടത്തുമ്പോൾ അതിൽ സത്യത്തിന്റെ അംശമുണ്ടോയെന്ന് അന്വേഷിക്കേണ്ടതല്ലേ? 

Qസംഭവത്തിൽ താങ്കൾക്കെതിരെ പാർട്ടിയിൽ വിമർശനമോ ചർച്ചയോ നടക്കുന്നുണ്ടോ? 

Aഇതെല്ലാം ഏറ്റെടുത്ത് പാർട്ടി ചർച്ച ചെയ്തുവെന്നാണോ കരുതുന്നത്? ഞങ്ങളുടെ പാർട്ടിക്ക് ഒരു വിവരവുമില്ലെന്നാണോ കരുതിയിരിക്കുന്നത്? ഇതെക്കുറിച്ചൊക്കെ ചിന്തിക്കാൻ പാർട്ടി സഖാക്കൾക്ക് അറിയില്ലെന്നാണോ ധരിച്ചിട്ടുള്ളത്? മാധ്യമങ്ങളെക്കുറിച്ച് സഖാക്കൾക്ക് നല്ല ബോധ്യമുണ്ട്. 

Qജാഗ്രതക്കുറവുണ്ടായി എന്നു മുഖ്യമന്ത്രി പറഞ്ഞതാണ് കുടുതൽ ചർച്ചയായത് ? 

Aമുഖ്യമന്ത്രി എല്ലാവർക്കുമുള്ള സന്ദേശമാണു കൊടുത്തത്. മാധ്യമങ്ങൾക്കും അതു ബാധകമാണ്. കഴിഞ്ഞ വർഷം നടന്ന സംഭവമല്ലേ കഴിഞ്ഞ ദിവസം നടന്നതെന്നപോലെ കൊടുത്തത്. 

Qദല്ലാൾ താങ്കളെ ചതിക്കുകയായിരുന്നോ ? 

Aഎന്നെ ആരെങ്കിലും ചതിക്കണമെന്നു കരുതിയാലൊന്നും നടക്കില്ല. ഞാൻ നല്ലതുപോലെ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. 

Qഎൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമോയെന്ന ചോദ്യം ഉയരുന്നുണ്ട് ? 

Aആ ചോദ്യത്തിനു പ്രസക്തിയില്ല. ചോദ്യം തന്നെ ദുരുദ്ദേശ്യപരമാണ്. 

Qസംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ടോ? 

Aആ ചോദ്യവും ദുരുദ്ദേശ്യപരമാണ്. അങ്ങനെയൊരു ചോദ്യത്തിന് എന്താണു പ്രസക്തി. 

Qദല്ലാളിന്റെ സാന്നിധ്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്, അതാണ് പ്രശ്നമായി ഉയരുന്നത് ? 

Aഇത്തരക്കാരെക്കുറിച്ചൊക്കെ ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. അതിനുസരിച്ചുള്ള അകലത്തിലേ ഇവരെയൊക്കെ നിർത്താറുമുള്ളൂ. 

Qട്രാപ്പിൽ പെടുത്താനുള്ള ശ്രമമായിരുന്നോ? 

Aട്രാപ് ചെയ്യാൻ പലരും ശ്രമിക്കാറുണ്ട്. അതു ജാഗ്രതയോടു കൂടി കാണേണ്ടതു തന്നെയാണെന്നാണ് ഞാനും കരുതുന്നത്.

ശോഭയെ പരിചയമില്ല:  ഇ.പി

∙ശോഭ സുരേന്ദ്രനെ പരിചയമില്ല. അടുത്തു കാണുന്നതു തന്നെ ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിലാണ്. ജാഗ്രതക്കുറവുണ്ടായത് സൂചിപ്പിച്ച് മുഖ്യമന്ത്രി നൽകിയ സന്ദേശം ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. അദ്ദേഹം എനിക്കു മാത്രമല്ല, സമൂഹത്തിനും നൽകിയ മഹത്തായ സന്ദേശമാണത്.  

ഞാൻ എന്റെ ബുദ്ധിയും കഴിവും ശക്തിയും ഉപയോഗിച്ച് ഇത്തരത്തിലുള്ളതിനെയെല്ലാം പ്രതിരോധിക്കാൻ ജാഗ്രതയോടെ ശ്രമിക്കാറുണ്ട്. നമ്മളെല്ലാം മനുഷ്യരല്ലേ ? തെറ്റ് മനസ്സിലാക്കിയാൽ തിരുത്തിപ്പോകുക എന്നതാണു കാര്യം. അതാണു ഞാനും ചെയ്യുന്നത്. കുരുക്കിൽപ്പെടുത്താൻ മുൻപും ശ്രമമുണ്ടായിരുന്നു. ഒരു ഗുണ്ടാ കേന്ദ്രത്തിൽ എത്തിച്ച് ഷാൾ തന്നിരുന്നു. അബദ്ധത്തിൽപ്പെട്ടെന്നു മനസ്സിലാക്കി അപ്പോൾ തന്നെ വണ്ടിയിൽക്കയറി രക്ഷപ്പെട്ടു.

English Summary:

EP Jayarajan explains about allegations were raised against him before loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com