തൃശൂരിലും ഉഷ്ണതരംഗം; പാലക്കാട്ട് ഓറഞ്ച് അലർട്ട്
Mail This Article
തിരുവനന്തപുരം ∙ പാലക്കാടിനു പിന്നാലെ തൃശൂർ ജില്ലയിലും ഉഷ്ണതരംഗം. പാലക്കാട് ജില്ലയിൽ അതിതീവ്ര ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താപനില പതിവിലും 5 ഡിഗ്രി കൂടുമ്പോഴാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നലെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്ച മുഴുവൻ സംസ്ഥാനത്തു മിക്കയിടത്തും ഉയർന്ന ചൂട് അനുഭവപ്പെട്ടേക്കും. കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിൽ 3-4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നു കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
സംസ്ഥാനത്ത് രാത്രി താപനിലയും കാര്യമായി കൂടിയിട്ടുണ്ട്. ഞായറാഴ്ച എല്ലാ ജില്ലകളിലും രാത്രി താപനില 25 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. കൊച്ചി വിമാനത്താവള പരിധിയിൽ 29.8 ഡിഗ്രി, ആലപ്പുഴയിൽ 29.5 ഡിഗ്രി വീതം രേഖപ്പെടുത്തി. മിക്ക ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലും രാത്രി 10 കഴിഞ്ഞും 30 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തി. ചൂട് ഉയരുന്ന സാഹചര്യത്തിൽ പ്രത്യേക കരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഐടിഐ ക്ലാസ് ഓൺലൈനിൽ മാത്രം
തിരുവനന്തപുരം ∙ ചൂടു കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ–സ്വകാര്യ ഐടിഐകൾക്കും ഇന്നു മുതൽ മേയ് 4 വരെ ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ റഗുലർ ക്ലാസിനു പകരം ഓൺലൈൻ ക്ലാസ് നടത്തും.
പാലക്കാട് ജില്ലയിൽ മെഡിക്കൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് 2 വരെ അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ ഡോ.എസ്.ചിത്ര നിർദേശിച്ചു. അവധിക്കാല ക്യാംപുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്‌ക്കും നിർദേശം ബാധകമാണ്.