ഇ.പിയെ കൈവിടില്ലെന്ന സിപിഎം നിലപാട്; അതൃപ്തിയിൽ ഘടകകക്ഷികൾ
Mail This Article
തിരുവനന്തപുരം∙ ബിജെപി പ്രവേശനത്തിനു ശ്രമിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്നു വിവാദത്തിലായ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ സിപിഎം തൽക്കാലം കൈവിടില്ലെങ്കിലും കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ. മുഖ്യ ഘടകകക്ഷികളായ സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി നേതൃത്വങ്ങൾ, ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു.
ജയരാജൻ മുന്നണി കൺവീനർ സ്ഥാനത്തു തുടരുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലാണ് പല ഘടകകക്ഷികളും. മുന്നണി യോഗത്തിൽ ഇത് ഉന്നയിക്കാനാണു നീക്കം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി മുന്നണി യോഗം ചേരാറുണ്ടെങ്കിലും എന്നാണെന്നു തീരുമാനിച്ചിട്ടില്ല. ബിജെപിയുടെ ഉന്നത നേതാവായ പ്രകാശ് ജാവഡേക്കറുമായി ജയരാജൻ മകന്റെ ഫ്ലാറ്റിൽ നടത്തിയ കൂടിക്കാഴ്ച യാദൃച്ഛികവും നിഷ്കളങ്കവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിക്കുന്നു എങ്കിലും അതു ഘടകകക്ഷികൾക്കു സ്വീകാര്യമല്ല.
ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ അടുത്ത ബന്ധവും ഇവർ സംശയത്തോടെയാണ് കാണുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് ഇനിയും വെളിപ്പെടുത്തലുണ്ടായാൽ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയും കക്ഷി നേതാക്കൾ പങ്കുവയ്ക്കുന്നു. ഈ വിഷയത്തിൽ സമൂഹമാധ്യമത്തിലൂടെ അണികൾ ഉയർത്തുന്ന രോഷവും വിമർശനവും പാർട്ടിയെയും മുന്നണിയെയും സമ്മർദത്തിലാക്കുന്നതുമാണ്.