സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായ മൂന്ന് ജീവനക്കാരെ തിരിച്ചെടുത്തു
Mail This Article
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിനു സർക്കാർ സസ്പെൻഡു ചെയ്ത 3 ആഭ്യന്തര വകുപ്പ് ജീവനക്കാരെ വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണം പൂർത്തിയാകും മുൻപാണ് ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്‌ഷൻ ഓഫിസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്. സെക്രട്ടേറിയറ്റിലെ സിപിഎം അനൂകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തകരാണു മൂവരും. ഇവർ സമർപ്പിച്ച വിശദീകരണം പരിശോധിച്ച് അച്ചടക്ക നടപടി തീർപ്പാക്കുമെന്നും സസ്പെൻഷൻ കാലയളവ് ക്രമീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് 3 ഉദ്യോഗസ്ഥരെയും മാർച്ച് 26നു സസ്പെൻഡ് ചെയ്തത്. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം മാർച്ച് 9നാണ് പുറപ്പെടുവിച്ചത്. മാർച്ച് 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിലേക്കാണു കത്തു പോയത്.
തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രഫോമ റിപ്പോർട്ട് നൽകിയുമില്ല. ഇതാണ് സിബിഐ അന്വേഷണം വൈകിപ്പിച്ചത്. സിദ്ധാർഥന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെ സിബിഐ രംഗത്തെത്തുകയും ചെയ്തു. സാധാരണ 6 മാസത്തിനുള്ളിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ലഭിക്കാതിരിക്കുകയോ അതിനു മുൻപ് ലഭിച്ച റിപ്പോർട്ടിൽ കുറ്റം ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയോ ചെയ്താലാണു സസ്പെൻഷൻ പിൻവലിക്കുക.