ADVERTISEMENT

വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്. 

ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കാണു നീന്തിയത്. വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുകയാണു ലക്ഷ്യം. കയ്യും കാലും കെട്ടി 4.5 കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ. ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ ബിജു തങ്കപ്പനാണു പരിശീലനം നൽകിയത്. 

കേരള സ്റ്റേറ്റ് പിന്നാക്ക വിഭാഗ കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ചേർത്തല തവണക്കടവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവർ പ്രസംഗിച്ചു.

കായൽ നീന്തിക്കടന്നു വൈക്കത്ത് എത്തിയ ആരണിന്റെ കൈകാലുകളിലെ കെട്ട് കോതമംഗലം നഗരസഭാ ഉപാധ്യക്ഷ സിന്ധു ഗണേശൻ അഴിച്ചുമാറ്റി. തുടർന്നു നടത്തിയ അനുമോദന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, സി.എൻ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.

English Summary:

Nine year old boy tied his hands and feet and swim across Vembanad lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com