കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചു, ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 3.42 കോടി രൂപ
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് 3.42 കോടി രൂപ നഷ്ടമായി. ഉള്ളൂർ സ്വദേശിക്കാണു പണം നഷ്ടമായത്. ഓഹരി കച്ചവടത്തിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
നാലു ദിവസം മുൻപ് നഗരത്തിൽ സമാനമായ തട്ടിപ്പിൽ 4 പേർക്ക് 1.90 കോടിരൂപ നഷ്ടമായിരുന്നു. ഫെബ്രുവരി 19ന് ഒരു ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച് ടീമാണെന്നു പറഞ്ഞ് ഡോക്ടറുടെ വാട്സാപ്പിലേക്ക് സന്ദേശം വന്നതായിരുന്നു തുടക്കം. സന്ദേശം വായിച്ചതിനു പിന്നാലെ ഡോക്ടറെ ഒരു വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കി. അംഗീകൃത ഷെയർ മാർക്കറ്റിങ് ഗ്രൂപ്പാണെന്നു വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങൾക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് പലതരം സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു.
പിന്നീട് മൊബൈൽ ഫോണിൽ ട്രേഡിങ് ആപ് ആണെന്ന് പറഞ്ഞ് ഒരു ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിൽ ആദ്യം 1500 രൂപയാണ് ഡോക്ടർ നിക്ഷേപിച്ചത്. ഇത് അടുത്ത ദിവസം 7500 രൂപയായതായി ആപ്പിൽ കാണിച്ചു. ഇതോടെ കൂടുതൽ പണം ഡോക്ടർ നിക്ഷേപിക്കാൻ തുടങ്ങി. ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശപ്രകാരം ഡോക്ടർ 10 അക്കൗണ്ട് നമ്പറുകളിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകി.
ആപ്പിൽ തുക നാലിരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു . ഇതു വിശ്വസിച്ച് അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. എന്നിട്ടും പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്.
സ്ഥിര നിക്ഷേപമായി ബാങ്കിൽ കിടന്ന പണവും സ്വർണം പണയപ്പെടുത്തിയും വായ്പ എടുത്തും സമാഹരിച്ചതും അടക്കം 3.42 കോടി രൂപ നഷ്ടമായെന്നു ഡോക്ടർ പറഞ്ഞു. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.