എസ്.രാജേന്ദ്രന്റെ ആവശ്യങ്ങളോടു പ്രതികരിക്കാതെ ബിജെപിയും സിപിഎമ്മും; മനസ്സ് തുറക്കാതെ മുൻ എംഎൽഎ
Mail This Article
തൊടുപുഴ ∙ സിപിഎമ്മിൽ നിന്ന് ഇറങ്ങുകയും ചെയ്തു; ബിജെപിയിലേക്ക് എത്തുകയും ചെയ്തില്ല. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ അവസ്ഥയാണിത്. പാർട്ടിമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോഴും തോട്ടം മേഖലയിലെ നേതാവ് മനസ്സു തുറക്കാൻ തയാറല്ല.
ബിജെപിയിലേക്കു പോയാൽ സിപിഎമ്മിന്റെ പകപോക്കൽ നേടിടേണ്ടിവരുമെന്ന ആശങ്ക മുൻ എംഎൽഎയ്ക്കുണ്ട്. കയ്യേറ്റമടക്കം തന്റെ പേരിലുള്ള ആരോപണങ്ങളിൽ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു. മൂന്നാറിൽ സിപിഎമ്മിന്റെ പകപോക്കലിൽനിന്നു തനിക്കു സംരക്ഷണം നൽകണമെന്ന ആവശ്യമാണു ബിജെപി നേതാക്കൾക്കു മുന്നിൽ രാജേന്ദ്രൻ വച്ചിട്ടുള്ളത്.
കയ്യേറ്റക്കേസുകളിൽ അടക്കം തന്നെ സംരക്ഷിക്കണമെന്നും തോട്ടം മേഖല കേന്ദ്രമാക്കി സഹകരണസംഘം തുടങ്ങി ഭരണമേൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ നേതൃത്വം ഉറപ്പു കൊടുക്കാത്തതാണു ബിജെപിയിലേക്കുള്ള പ്രവേശനം വൈകുന്നതിനു കാരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയ്ക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നാണു രാജേന്ദ്രന്റെ പ്രധാന ആരോപണം. തനിക്കെതിരെയുള്ള വ്യാജ പരാതി അന്വേഷിച്ച് ശശിക്കെതിരെ നടപടിയെടുത്താൽ സിപിഎമ്മിൽ സജീവമാകാമെന്നു രാജേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സിപിഎം നേതൃത്വത്തിൽ സമ്മർദം ചെലുത്താനാണ് അടിക്കടി പാർട്ടിമാറ്റം രാജേന്ദ്രൻ ചർച്ചയാക്കുന്നതെന്നു കരുതുന്നവരുമുണ്ട്. ബിജെപി ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറിയായ സഹോദരൻ എസ്.കതിരേശനാണു ബിജെപിയുമായുള്ള ചർച്ചയിൽ രാജേന്ദ്രനെ നയിക്കുന്നതെന്നാണു സൂചന. ഇതിനിടെ, ചില കോൺഗ്രസ് നേതാക്കളും തന്നെ സമീപിച്ചതായി രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.