വൈദ്യുതി പ്രതിസന്ധി: സാധനങ്ങളില്ല; മാറ്റിവയ്ക്കാൻ ട്രാൻസ്ഫോമറില്ല
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി പ്രതിസന്ധിയെ തുടർന്നു കേടാകുന്ന ട്രാൻസ്ഫോമറുകൾ മാറ്റി വയ്ക്കാൻ പുതിയതു ലഭ്യമല്ലെന്നും ലൈൻ കേടായാൽ അറ്റകുറ്റപ്പണിക്കു സാധനങ്ങൾ ഇല്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ യൂണിയൻ നേതാക്കളുടെ പരാതി. ബോർഡ് ഇന്നു നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം തലപ്പത്ത് ഉള്ളവർ ആണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വൈദ്യുതി മുടങ്ങുമ്പോൾ സെക്‌ഷൻ ഓഫിസിൽ കയറി ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ആവശ്യം ഉയർന്നു. ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചു വൈദ്യുതി ക്ഷാമം പരിഹരിക്കണം. ജലവൈദ്യുത പദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യമുണ്ടായി. ഇന്നലത്തെ യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം വിലയിരുത്തി നടപ്പാക്കും. വൈദ്യുതി പ്രതിസന്ധി വിലയിരുത്തുന്നതിന് ഡപ്യൂട്ടി ചീഫ് എൻജിനീയർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം ഇന്നു മന്ത്രി വിളിച്ചിട്ടുണ്ട്.
സോളർ വൈദ്യുതി ഉൽപാദനം 1000 മെഗാവാട്ടിൽ കൂടുതലായതു മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ ബോർഡ് നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകും. ട്രാൻസ്ഫോമറുകളുടെ ശേഷിയുടെ 75% മാത്രമേ സോളർ പദ്ധതികൾ അനുവദിക്കാവൂ എന്ന നിയമം മൂലം നഗര പ്രദേശങ്ങളിൽ പുതിയതായി സോളർ പ്ലാന്റുകൾ വയ്ക്കാൻ പലർക്കും സാധിക്കുന്നില്ല. ചട്ടത്തിൽ ഭേദഗതി വരുത്തി 90–100% ആക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും.