‘പേടിപ്പെടുത്തുന്ന രാത്രി; രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ’: ഡോ. വന്ദന ദാസിന്റെ ഓർമകളിൽ സഹപ്രവർത്തകൻ
Mail This Article
ആ രാത്രിയെക്കുറിച്ച് ഓർക്കാൻ ഇപ്പോഴും പേടിയാണ്. ഡോ. വന്ദന ദാസ് എന്ന സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയെന്ന ചിന്ത എന്നെ ഇന്നും വേട്ടയാടുന്നു. സാധാരണ ദിവസം പോലെയായിരുന്നു അന്നും തുടക്കം. സന്ദീപിനെ പൊലീസ് എത്തിച്ചപ്പോഴും പേടിപ്പെടുത്തുന്നത് ഒന്നും തോന്നിയില്ല.
അയാൾ അക്രമാസക്തനായപ്പോഴാണു പേടി തോന്നിയത്. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് അടുത്ത മുറിയിലായിരുന്ന ഞാൻ അവിടേക്ക് എത്തുന്നത്. അപ്പോൾ മാത്രമാണ് അറിഞ്ഞത് ആ നിലവിളി വന്ദനയുടേതായിരുന്നു എന്ന്. സന്ദീപിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. പെട്ടെന്നു തോന്നിയ ധൈര്യത്തിലാണ് രക്ഷപ്പെടുത്തി ആശുപത്രിയുടെ പുറത്തേക്ക് എത്തിച്ചത്.
കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല. അവൾ ജീവിതത്തിലേക്കു തിരികെ വരുമെന്നായിരുന്നു പ്രതീക്ഷയും പ്രാർഥനയും. എനിക്ക് ശാരീരികമായി പരുക്കേറ്റില്ലെങ്കിലും മാനസികമായി ആകെ തളർന്നു. ഇടവേളയ്ക്കു ശേഷമാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. വന്ദന ഒരു സങ്കടമായി ഇന്നും അവശേഷിക്കുന്നു. ആർക്കും എന്തു സഹായവും ചെയ്തുകൊടുക്കുവാൻ സന്നദ്ധയായിരുന്നു വന്ദന. എല്ലാവരോടും സ്നേഹത്തിൽ മാത്രം സംസാരിക്കുന്ന പെൺകുട്ടിയായതു കൊണ്ട് വലിയ സൗഹൃദ വലയം തന്നെയുണ്ടായിരുന്നു.
ഹൗസ് സർജൻസിയുടെ കാലത്താണ് ഒരു വർഷം ജൂനിയറായ വന്ദനയെ പരിചയപ്പെടുന്നത്. ഇടയ്ക്കിടെ വന്ദനയുടെ വീട്ടിൽ പോയി മാതാപിതാക്കളെ കാണാറുണ്ട്. അവരുടെ സങ്കടം കാലം മായ്ക്കട്ടെ എന്നാണ് എന്റെ പ്രാർഥന. വന്ദനയുടെ മരണത്തിനു ശേഷമാണ് ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമങ്ങളെ നേരിടാനുള്ള നിയമഭേദഗതി പാസാക്കിയത്.
ശിക്ഷ കർശനമാക്കിയെങ്കിലും 2023 മേയ് 10ന് ശേഷവും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ രോഗികളുടെയും ബന്ധുക്കളുടെയും ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നതു ഖേദകരമാണ്. നിയമമുള്ളതു കൊണ്ടു മാത്രം കാര്യമില്ല, കർശനമായി അതു നടപ്പാക്കുക കൂടി വേണം.
∙ ഡോ. മുഹമ്മദ് ഷിബിൻ, കോട്ടയ്ക്കൽ (ഡോ. വന്ദന ദാസ് കൊല്ലപ്പെടുമ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ)