വരൾച്ച: മൂന്നു മാസത്തിനിടെ 246 കോടിയുടെ കൃഷിനാശം
Mail This Article
തിരുവനന്തപുരം ∙ കടുത്ത വരൾച്ചയെ തുടർന്ന് 3 മാസത്തിനിടെ സംസ്ഥാനത്തെ കൃഷിനാശം 246.61 കോടി രൂപയായി. ഫെബ്രുവരി 8 മുതൽ ഇന്നലെ വരെ കൃഷിഭവനുകൾ വഴി റിപ്പോർട്ട് ചെയ്ത പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് ഇത്. നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ് (AIMS) പോർട്ടൽ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാണ് കൃഷി ഓഫിസർമാർ നിർദേശിക്കുന്നത്. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവർക്ക് തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ പ്രതിസന്ധിയിലാണ്. ദുരിതാശ്വാസം ലഭ്യമാക്കുന്നതിന് നടപടി നടന്നുവരികയാണെന്നും നാശനഷ്ടത്തിന്റെ തോത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
കൂടുതൽ ഇടുക്കിയിൽ; കുറവ് എറണാകുളത്ത്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ–133.39 കോടി. പാലക്കാടാണ് രണ്ടാമത്– 46.47 കോടി. മലപ്പുറം തൊട്ടടുത്ത്–10.54 കോടി. കൃഷി നാശം ഏറ്റവും കുറവ് എറണാകുളത്ത്–95.45 ലക്ഷം. ഇടുക്കിയിൽ മാത്രം 11,428.56 ഹെക്ടർ കൃഷി നശിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 47,367 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇതിൽ 27,146 കർഷകരും ഇടുക്കിയിലാണ്. ഏലം, നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ പ്രധാന വിളകൾക്കെല്ലാം വൻനാശമുണ്ടായി.