ലീഗിന്റെ രാജ്യസഭ സീറ്റ്: പി.എം.എ.സലാം, ഫൈസൽ ബാബു എന്നിവർ പരിഗണനയിൽ
Mail This Article
കോഴിക്കോട്∙ മുസ്‍ലിം ലീഗിന്റെ രാജ്യസഭ സീറ്റ് സംബന്ധിച്ചു ചർച്ച സജീവമാകുന്നു. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിലേക്ക് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബു എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിനു നൽകാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിൽ ധാരണയായിരുന്നു.
71 വയസ്സുകാരനായ പി.എം.എ.സലാമിനെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പരിഗണിച്ചിരുന്നെങ്കിലും സീറ്റ് നൽകാനായില്ല. സമസ്തയുമായുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി ജന.സെക്രട്ടറി സ്ഥാനത്തു നിന്നു സലാമിനെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഭാരവാഹിയെ മാറ്റേണ്ട കാര്യം തീരുമാനിക്കേണ്ടത് ലീഗ് ആണെന്നു സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയെങ്കിലും സലാമിനെ മാറ്റില്ല എന്ന നിലപാട് പ്രഖ്യാപിച്ചതുമില്ല. സലാമിനെ ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയർത്തുന്നതും പരിഗണനയിലുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കു പ്രാധാന്യം നൽകിയില്ല എന്ന വികാരം യൂത്ത് ലീഗിൽ നിന്ന് ഉയർന്നിരുന്നു. ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബുവിനെയോ സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസിനെയോ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നിലവിലെ സ്ഥാനാർഥികൾ തുടരട്ടെ എന്നായിരുന്നു പാർട്ടി തീരുമാനം. ഈ സാഹചര്യത്തിലാണ് രാജ്യസഭ സീറ്റിലേക്ക് ഫൈസൽ ബാബുവിനെ പരിഗണിക്കുന്നത്.
അതേസമയം ജൂണിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം രാജ്യസഭ സീറ്റ് സംബന്ധിച്ച അന്തിമ ധാരണയിലെത്തിയാൽ മതിയെന്ന വികാരവുമുണ്ട്. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുകയും ഇന്ത്യ മുന്നണി അധികാരത്തിലെത്തുകയും ചെയ്താൽ സഖ്യകക്ഷി എന്ന നിലയിൽ ഭരണ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതയും ലീഗ് തള്ളുന്നില്ല. ഇതു കൂടി പരിഗണിച്ച ശേഷം രാജ്യസഭ സീറ്റ് പ്രഖ്യാപിച്ചാൽ മതിയെന്ന വികാരവും ഒരു വിഭാഗത്തിനുണ്ട്.