ADVERTISEMENT

പറവൂർ ∙ 150 പവനും കാറും സ്ത്രീധനമായി കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നു പറഞ്ഞാണു രാഹുൽ ക്രൂരമായി മർദിച്ചതെന്നു കോഴിക്കോട് പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിന് ഇരയായ യുവതി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ പോയ സമയത്താണ് ആദ്യം തർക്കമുണ്ടായത്. വീട്ടിൽ വന്നശേഷം മർദനം തുടങ്ങി. കേബിൾ കഴുത്തിൽ കുരുക്കി വധിക്കാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല.

അമിത ലഹരിയിലായിരുന്നു രാഹുൽ. ഫോൺ അധികം ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. സുഹൃത്തുക്കളെ വിളിക്കുന്നതു വിലക്കി. തന്റെ വീട്ടിൽ നിന്നു വിളിച്ചാലും രാഹുലാണ് ഫോൺ എടുത്തിരുന്നത്. തന്റെ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുടെ പാസ്‌വേഡ് മാറ്റുകയും സുഹൃത്തുക്കളെ റിമൂവ് ചെയ്യുകയും ചെയ്തു. അടുക്കള കാണൽ ചടങ്ങിന് വീട്ടുകാർ വന്നപ്പോൾ കാണാൻ ചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി പറഞ്ഞു.

പരാതി സംബന്ധിച്ച് മൊഴി കൊടുക്കാൻ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണു സംസാരിച്ചത്. തങ്ങൾ ചെല്ലുന്നതിനു മുൻപേ രാഹുലും കൂട്ടുകാരും സ്റ്റേഷനിലെത്തിയിരുന്നു. കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്ന മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും യുവതി പറഞ്ഞു. 6 മാസം മുൻപ് രാഹുൽ പെണ്ണുകാണാൻ എത്തിയെങ്കിലും അടുത്തകാലത്താണ് താൽപര്യം അറിയിച്ചത്.

3 ആഴ്ച മുൻപ് വിവാഹനിശ്ചയം നടന്നു. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന രാഹുലിന് ലീവ് കുറവായതിനാൽ പെട്ടെന്നു തന്നെ വിവാഹവും നടത്തി. എന്താണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ചപ്പോൾ കയ്യിലുള്ളതു കൊടുത്താൽ മതിയെന്നാണു വിവാഹത്തിനു മുൻപു രാഹുലും വീട്ടുകാരും പറഞ്ഞത്. 70 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും നൽകിയിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ, യുവതിയുടെ ഭർത്താവ് പന്തീരാങ്കാവ് തെക്കേവള്ളിക്കുന്നത് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലിനെതിരെ (29) പൊലീസ് വധശ്രമത്തിനു കേസെടുത്തു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷം ഇന്നലെ വൈകിട്ടാണ് ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ആലുവ റൂറൽ എസ്പിക്കും പരാതി നൽകിയിരുന്നു. രാഹുലിനെതിരെ ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെടുത്തതെന്നും പന്തീരാങ്കാവ് പൊലീസ് നീതി കാണിക്കുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്നാണ് ഇന്നലെ കേസെടുത്തത്. 

യുവതിക്ക് പിന്തുണ: മന്ത്രി വീണ

യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്. അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫിസർ യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. സംഭവം അത്യന്തം ക്രൂരവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹികവിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Rahul beat up young women to get gold and car as dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com