വിഷ്ണുപ്രിയ വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; തടവ് ജീവിതാവസാനംവരെ
Mail This Article
തലശ്ശേരി ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പാനൂർ വള്ള്യായി കണ്ണച്ചാംകണ്ടിയിൽ വിഷ്ണുപ്രിയയെ (23) കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി മാനന്തേരിയിലെ താഴെക്കളത്തിൽ ശ്യാംജിത്തിനെ (25) ജീവപര്യന്തം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴ അടയ്ക്കാനും അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല ശിക്ഷിച്ചു.
കൊലപാതകത്തിന് ഐപിസി 302 പ്രകാരം ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഐപിസി 449 പ്രകാരം 10 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 7 മാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം ജീവിതാവസാനംവരെ ആണെന്നും ഇളവു നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കേ സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
2022 ഒക്ടോബർ 22ന് ആണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോമിന് പഠിച്ചയാളാണ് ശ്യാംജിത്. ആ പരിചയം അടുപ്പമായി. പിന്നീട് ഇയാളിൽനിന്ന് അകന്ന വിഷ്ണുപ്രിയ മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത് വിരോധത്തിനു കാരണമായതായും വിഷ്ണുപ്രിയയെയും സുഹൃത്തിനെയും ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു.