മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ച് അപകടം: തെളിവെടുപ്പു തുടങ്ങി; വൊയേജ് ഡേറ്റ റെക്കോർഡർ പിടിച്ചെടുത്തു
Mail This Article
കൊച്ചി∙ പൊന്നാനിയിൽ നിന്നു പുറപ്പെട്ട മീൻപിടിത്ത ബോട്ടിൽ ചെറുചരക്കു കപ്പൽ ഇടിച്ചു രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവെടുപ്പു തുടങ്ങി. വിമാനത്തിലെ ബ്ലാക് ബോക്സിനു സമാനമായി കപ്പലുകളുടെ സഞ്ചാരവിവരങ്ങൾ, കപ്പലിന്റെ ബ്രിഡ്ജിലെ സംഭാഷണങ്ങൾ എന്നിവ റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന വൊയേജ് ഡേറ്റ റിക്കോർഡർ (വിഡിആർ) പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി. കസ്റ്റഡിയിലെടുത്തു കൊച്ചിയിലെത്തിച്ച ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന്റെ എംവി സാഗർ യുവരാജ് എന്ന ചെറു ചരക്കുകപ്പലിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിലെ ഉദ്യോഗസ്ഥർ, മറൈൻ മർക്കന്റൈൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ ഇന്നലെയും വിശദപരിശോധന നടത്തി.
ഉദ്യോഗസ്ഥ സംഘം വിഡിആറിനു പുറമേ കപ്പലിന്റെ ലോഗ് ബുക്, ജിപിഎസ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കപ്പലിന്റെ സഞ്ചാരപാത സംബന്ധിച്ചുള്ള വിവരങ്ങൾ ഇവയുടെ വിശദപരിശോധനയിലൂടെ ലഭ്യമാകും. മീൻപിടിത്ത ബോട്ടിൽ ഇടിക്കുമ്പോൾ ചരക്കുകപ്പൽ നിയന്ത്രിച്ചിരുന്നതു ക്യാപ്റ്റനാണോ മെഷീൻ നിയന്ത്രിത ‘ഓട്ടോ പൈലറ്റ്’ സംവിധാനമാണോയെന്നു കണ്ടെത്താനും വിഡിആർ പരിശോധനയിൽ കഴിയും. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ഇസ്‌ലാഹ് ബോട്ടിൽ ലൈറ്റ് തെളിയിച്ചിരുന്നില്ലെന്നാണു കപ്പൽ ജീവനക്കാർ നൽകിയ ആദ്യമൊഴി. എന്നാൽ വിഡിആറും റഡർ ഡേറ്റയും പരിശോധിക്കുന്നതോടെ ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിനു വ്യക്തത ലഭിക്കും.
ബോട്ടിൽ ലൈറ്റ് ഉണ്ടായിരുന്നതായാണു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി. സാധാരണ ചരക്കുകപ്പലുകൾ നീങ്ങാറുള്ള സഞ്ചാരപാതയിൽ നിന്നു വ്യതിചലിച്ചാണു കപ്പൽ സഞ്ചരിച്ചതെന്നു മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നുണ്ട്. ഇതിനു വ്യക്തത വരുത്താനും ഡേറ്റ പരിശോധനയിലൂടെ കഴിയും. കപ്പലിന്റെ മുൻവശത്തെ പെയിന്റ് സാംപിളും ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. കപ്പലിടിച്ചു തകർന്ന ബോട്ടിൽ ഇടിയുടെ ആഘാതമേറ്റ സ്ഥലത്തുള്ള പെയിന്റ് സാംപിളും താരതമ്യ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇതിൽ കപ്പലിന്റെ ക്യാപ്റ്റൻ, ക്യാപ്റ്റന്റെ സഹായി, വാച്ച് ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും ഇവർക്കെതിരെ കോസ്റ്റൽ പൊലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സിജോ വർഗീസ്, എസ്ഐമാരായ എം.പി.സാഗർ, സേവ്യർലാലു എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കപ്പലിലെ പരിശോധനകൾ ഇന്നലെ പൂർത്തിയായ സാഹചര്യത്തിൽ കപ്പൽ എൽഡിസിഎല്ലിനു വിട്ടുനൽകുമെന്നും ജീവനക്കാരെ പോകാൻ അനുവദിക്കുമെന്നും തീരദേശ പൊലീസ് അറിയിച്ചു.