പരാതി വക്കീലിന്റേത്, എതിർകക്ഷി ഇൻസ്പെക്ടർ, സാക്ഷി മജിസ്ട്രേട്ട്!
Mail This Article
തൃശൂർ ∙ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിലനിൽക്കുന്ന 3914 / 24 എന്ന നമ്പറിലുള്ള കേസിനൊരു പ്രത്യേകതയുണ്ട്. അഭിഭാഷകൻ ആണ് ഈ കേസിലെ പരാതിക്കാരൻ. എതിർകക്ഷിയായി പൊലീസ് ഇൻസ്പെക്ടർ. സാക്ഷിയുടെ സ്ഥാനത്തുള്ളതു കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ട് തന്നെ! ഒന്നാംസാക്ഷിയായി മജിസ്ട്രേട്ടിന്റെ പേരുൾപ്പെടുത്തിയ പട്ടിക പരാതിക്കാരനായ വക്കീൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ട് സാക്ഷിയാകുന്ന സംഭവം അത്യപൂർവമാണ്.
പൊതുപ്രവർത്തകനും അഭിഭാഷകനുമായ കൊടകര മറ്റത്തൂർ ചുങ്കാൽ കാട്ടിക്കുളത്ത് അജിത് ആണു കേസിലെ പരാതിക്കാരൻ. ക്വാറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ 4 വർഷം മുൻപ് അജിത്തിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തതിൽ നിന്നാണ് അപൂർവ കേസിന്റെ തുടക്കം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അജിത്തിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുന്നതു 2020 നവംബർ 17ന് വൈകിട്ട് 5 മണിയോടെ.
15 മിനിറ്റിനുള്ളിൽ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ, ഒരു കിലോമീറ്റർ അകലെയുള്ള സ്പെഷൽ സബ് ജയിലിൽ അജിത്തിനെ എത്തിക്കുന്നതു രാത്രി 8.15ന് ആണ്. കോടതിക്കും ജയിലിനുമിടയിൽ മൂന്നേകാൽ മണിക്കൂർ വ്യത്യാസം.
ചപ്പാത്തിയും കുറുമയും കഴിക്കാൻ പ്രതിയെ കൊണ്ടുപോയി എന്നായിരുന്നു വൈകലിനു കാരണമായി പൊലീസ് പറഞ്ഞത്. എന്നാൽ, ക്വാറി ഉടമയ്ക്കു വേണ്ടി ഒത്തുതീർപ്പു ചർച്ചയ്ക്ക് ഇൻസ്പെക്ടർ തന്നെ കൊണ്ടുപോയെന്നാണു പരാതിയിൽ. തനിക്കെതിരെ ചമച്ചതു കള്ളക്കേസാണെന്നും ഇൻസ്പെക്ടർ നിയമവിരുദ്ധ ഇടപെടൽ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു വക്കീൽ കോടതിയിൽ ഹർജി നൽകിയത്.
ജയിലിൽ തന്നെ പ്രവേശിപ്പിച്ച സമയത്തെ റജിസ്റ്ററിന്റെ പകർപ്പടക്കം പരാതിക്കാരൻ തെളിവായി ഒപ്പം നൽകി. റിമാൻഡ് ചെയ്ത സമയവും തുടർ നടപടികളും വ്യക്തമായി നേരിട്ടറിയാവുന്നയാൾ എന്ന നിലയ്ക്കാണു മജിസ്ട്രേട്ടിനെത്തന്നെ ഉൾപ്പെടുത്തി അഭിഭാഷകൻ സാക്ഷിപ്പട്ടിക കോടതിയിൽ സമർപ്പിച്ചത്.