ഭൂമി തരംമാറ്റം: ഉത്തരവുകൾ തകൃതി, ജനത്തിന് ഓട്ടപ്പാച്ചിൽ; തീരുമാനമാകാതെ ലക്ഷക്കണക്കിന് അപേക്ഷകൾ
Mail This Article
തിരുവനന്തപുരം ∙ ഭൂമി തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ റവന്യു വകുപ്പിൽ നിന്ന് സർക്കുലറും ഉത്തരവുകളും ഇറങ്ങിയിട്ടും ലക്ഷക്കണക്കിന് അപേക്ഷകൾ പരിഹാരമാകാതെ റവന്യു ഡിവിഷനൽ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. നെൽക്കൃഷി ചെയ്യുന്നതെന്ന് ഡേറ്റ ബാങ്കിൽ തെറ്റായി ഭൂമി ഉൾപ്പെട്ടത് മാറ്റുന്നതിന് ഇനി പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാർശ ആവശ്യമില്ലെന്നതാണ് ഒടുവിലത്തെ സർക്കുലർ. ഇതിനായി ഫോം അഞ്ചിൽ നൽകുന്ന അപേക്ഷകളിൽ ആർഡിഒയ്ക്ക് തീരുമാനമെടുക്കാൻ കൃഷി ഓഫിസർ നൽകുന്ന റിപ്പോർട്ട് മതിയാകുമെന്നാണു മാർച്ച് 23നു റവന്യു വകുപ്പ് അഡീഷനൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയത്. നിരീക്ഷണ സമിതിയുടെ ശുപാർശപ്രകാരമാണ് കൃഷി ഓഫിസർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നത്.
2008നു മുൻപ് നെൽക്കൃഷി നിർത്തി പാടം തരിശിടുകയോ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്തതോ ആയ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നു മാറ്റാനാണ് ഫോം അഞ്ചിൽ അപേക്ഷ നൽകുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനും കൃഷി ഓഫിസർ കൺവീനറുമായ പ്രാദേശിക നിരീക്ഷണ സമിതിയിൽ വില്ലേജ് ഓഫിസറും രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളായ 3 കർഷകരുമാണ് അംഗങ്ങൾ.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു മുന്നോടിയായി അന്ന് ഉദ്യോഗസ്ഥർ തിരക്കിട്ടു തയാറാക്കിയ ഡേറ്റ ബാങ്ക് കുറ്റമറ്റതല്ലായിരുന്നു. ഇതിന്റെ പേരിൽ 15 വർഷമായി ഭൂവുടമകൾ സ്വന്തം കയ്യിൽ നിന്നു കാശു മുടക്കി അപേക്ഷകൾ സമർപ്പിച്ച് വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിലാക്കാൻ ഓൺലൈൻ സംവിധാനം വന്നിട്ടും പരിഹാരമായില്ല. തരംമാറ്റം സംബന്ധിച്ച് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലേറെ അപേക്ഷകളിൽ 1.40 ലക്ഷം ഫോം അഞ്ചിൽ സമർപ്പിച്ചവയാണ്. 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലായി ഡപ്യൂട്ടി കലക്ടർമാർക്കു തരംമാറ്റ അപേക്ഷകളിൽ തീരുമാനമെടുക്കാൻ അധികാരം നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പിട്ടു നിയമമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നിലവിൽ വന്നിട്ടുമില്ല.