എവിടെ നടപടി? ജോൺ ഇപ്പോഴും അലയുന്നു
Mail This Article
കൊച്ചി ∙ ഭൂരേഖകളിൽ നിലമെന്നു രേഖപ്പെടുത്തിയ 4 സെന്റ് സ്ഥലം പുരയിടമാക്കാൻ കോന്തുരുത്തി മുക്കുങ്കൽ എം.എം.ജോൺ അപേക്ഷ നൽകിയിട്ടു 3 വർഷം. ഓഫിസുകൾ കയറി മടുത്തതല്ലാതെ ഒരു ഗുണവുമുണ്ടായില്ല. 6 സെന്റ് സ്ഥലവും വീടുമുണ്ടായിരുന്ന ജോൺ മൂത്തമകളുടെ വിവാഹാവശ്യത്തിന് അതു വിറ്റശേഷമാണു അടുത്തുതന്നെ 3.8 സെന്റ് സ്ഥലം വാങ്ങിയത്. വേറെ വീടും സ്ഥലവും ഇല്ലാത്തതിനാൽ നിലം ആണെങ്കിലും അനുമതി കിട്ടുകയും വീട് വയ്ക്കുകയും ചെയ്തു. സാമ്പത്തിക ബാധ്യത തീർക്കാൻ ബാങ്ക് വായ്പയ്ക്കു ശ്രമിച്ചപ്പോഴാണ് ഭൂമി പുരയിടമല്ലാത്തതിന്റെ പ്രശ്നങ്ങൾ മനസ്സിലായത്.
3 വർഷം മുൻപ് ഫോർട്ട്കൊച്ചി ആർഡിഒ ഓഫിസിൽ ഫോം ആറിൽ നേരിട്ട് അപേക്ഷ നൽകി. ഒന്നേ മുക്കാൽ വർഷത്തിനു ശേഷം അപേക്ഷയിൽ തീർപ്പുണ്ടായി. ഫോം അഞ്ചിൽ അപേക്ഷിക്കാതെ ഫോം 6 ഉത്തരവു തരാനാവില്ലെന്ന് അറിഞ്ഞത് അനുമതിക്കു ചെന്നപ്പോൾ മാത്രമാണ്.
ഓൺലൈനായി ഫോം അഞ്ചിൽ അപേക്ഷ നൽകി. റവന്യു രേഖകളിൽ നിലമെന്നു രേഖപ്പെടുത്തിയ ഭൂമി കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ തുടങ്ങിയവരുടെ നേരിട്ടുള്ള പരിശോധനയ്ക്കു ശേഷം തണ്ടപ്പേർ റജിസ്റ്ററിൽ നിലമെന്നതിൽ നിന്നു മാറ്റുന്നതിനുള്ള അപേക്ഷയാണിത്. ഇതിനായി, 2017 നു ശേഷം നടന്നിട്ടുള്ള എല്ലാ ഇടപാടിനും സെന്റിന് 52,000 രൂപ ഫീസ് അടയ്ക്കണമെന്ന് അറിയിച്ചു. 2.8 ലക്ഷം രൂപ ഫീസ് അടയ്ക്കാനാവാതെ ജോൺ വീണ്ടും ആർഡിഒ ആയ സബ് കലക്ടറെ സമീപിച്ചു. എന്തെങ്കിലും ചെയ്യാനാകുമോയെന്ന് സബ് കലക്ടർ ചോദിച്ചെങ്കിലും ഇത്തരം പ്രശ്നങ്ങൾ സംബന്ധിച്ചുള്ള കേസിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ കൈ മലർത്തി.
പ്രത്യേകം ഫീസ് വേണ്ടെന്നു പിന്നീട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ജോണിന്റെ അപേക്ഷ ആരും പരിഗണിച്ചില്ല. എന്നാൽ, കോടതിയിൽ പോയി ഉത്തരവു നേടിയവർക്ക് രേഖകൾ ശരിയാക്കി നൽകി. ഒടുവിൽ ജോണും കോടതിയെ സമീപിച്ചു. അപേക്ഷയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ആർഡിഒ, താലൂക്ക് ഓഫിസ്, കൃഷിഭവൻ, കോർപറേഷൻ എന്നിവർക്കു നിർദേശം നൽകി സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ജോണിന്റെ അലച്ചിൽ ഇപ്പോഴും തുടരുകയാണ്.