ഡ്രൈവിങ് ടെസ്റ്റ്: കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും
Mail This Article
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് എല്ലായിടത്തും പുനരാരംഭിച്ചെങ്കിലും സ്ലോട്ട് നൽകിയിരുന്നത്രയാളുകൾ ടെസ്റ്റിനെത്തിയില്ല. വരുംദിവസങ്ങളിൽ ടെസ്റ്റിനെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനൊപ്പം, കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ നടപടികൾ മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശിച്ചു.
ടെസ്റ്റ് അധികം നടത്തി ഈ അപേക്ഷകളിൽ തീർപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ആവശ്യമെങ്കിൽ നിയോഗിക്കാം. ആർടി ഓഫിസിലെ ഉദ്യോഗസ്ഥരെ ടെസ്റ്റിന് നിയോഗിക്കാതെ ചെക്ക്പോസ്റ്റുകളിൽ നിയോഗിക്കുന്ന നടപടി പിൻവലിച്ചു.
പക്ഷേ, ഡ്രൈവിങ് സ്കൂളിലെ അംഗീകൃത ഇൻസ്ട്രക്ടർ ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റിന് ഗ്രൗണ്ടിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരാത്തതിൽ ഇന്നലെയും ഗ്രൗണ്ടിൽ ആശയക്കുഴപ്പമുണ്ടായി. എന്നാൽ, ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനം.
ലൈസൻസ് സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന മോട്ടർ വാഹനവകുപ്പിന്റെ സാരഥി വെബ്സൈറ്റ് പണിമുടക്കിയാലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച വരെ സൈറ്റ് സാങ്കേതികപ്രശ്നം മൂലം പ്രവർത്തിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ന് ടെസ്റ്റിനെത്തുന്നവർ അപ്പോയ്ന്റ്മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ട് കൊണ്ടുവരണം.