ശസ്ത്രക്രിയപ്പിഴവ്: പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയപ്പിഴവു സംബന്ധിച്ച കേസിൽ മെഡിക്കൽ കോളജ് പൊലീസ് കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയുടെ മാതാപിതാക്കളടക്കം നാലു പേരിൽ നിന്നാണു ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് മൊഴിയെടുത്തത്. ഡോക്ടർക്കെതിരെ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴിയിലും ആവർത്തിച്ചതായി എസിപി അറിയിച്ചു.
കൈവിരലിൽ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ ടെസ്റ്റുകളും നടത്തി, ഡോക്ടർ പറഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയത് എന്നു ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിനു നാവിനു പ്രശ്‌നമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. അതിനു ചികിത്സയും നടത്തിയിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷമാണു നാവിനു പ്രശ്നമുണ്ടെന്നു ഡോക്ടർ പറഞ്ഞത്. ഡോക്ടർ മാപ്പു പറഞ്ഞെങ്കിലും, നാവിൽ കെട്ട് (ടങ്ടൈ) ഉള്ളതിനാലാണു ശസ്ത്രക്രിയ നടത്തിയതെന്നു പറയുന്നതു ശരിയല്ലെന്നും ബന്ധുക്കൾ മൊഴി നൽകി. ബന്ധുക്കൾ ഹാജരാക്കിയ രേഖകളെല്ലാം പരിശോധിച്ച്, മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷമേ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യൂ.