പൊടിപിടിച്ച് രണ്ടരക്കോടിയുടെ ‘വൈജ്ഞാനിക സാഹിത്യം’;
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ ബജറ്റ് വിഹിതം ചെലവിട്ടു തയാറാക്കിയ രണ്ടരക്കോടിയിൽപരം രൂപയുടെ ‘വൈജ്ഞാനിക സാഹിത്യം’ പൊടിപിടിച്ചു നശിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 32 വോള്യങ്ങളിലായുള്ള വിജ്ഞാനകോശങ്ങളുടെ നാൽപതിനായിരത്തിൽപരം ബൃഹദ് ഗ്രന്ഥങ്ങളാണ് വിറ്റുപോകാത്തത്. ഇവ നാശത്തിന്റെ വക്കിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗോഡൗണുകളും 2021 മാർച്ച് 31 വരെ ഉള്ള സ്റ്റോക്ക് റജിസ്റ്ററും പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ 2022–23ലെ റിപ്പോർട്ടിൽ പറഞ്ഞു.
എണ്ണത്തിലേറെ സർവവിജ്ഞാനകോശത്തിന്റെ 17 വോള്യങ്ങളാണ്. 2.14 കോടി വില വരുന്ന മുപ്പത്തിനാലായിരത്തിലേറെ കോപ്പികൾ ബാക്കിയുണ്ട്. ഇതിൽ 4, 10 വോള്യങ്ങളുടെ മൂവായിരത്തിലേറെ കോപ്പികളും വോള്യം ഏഴിന്റെ രണ്ടായിരത്തിൽപരം കോപ്പികളും വിറ്റുപോയില്ല. വോള്യം 5, 9 എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകളിൽ നാലായിരത്തിലേറെ കോപ്പികളും വിറ്റഴിക്കാനായില്ല. ഏക വിഷയ വിജ്ഞാനകോശങ്ങളുടെ 22 ലക്ഷം രൂപ വിലയുള്ള രണ്ടായിരത്തി അഞ്ഞൂറിലേറെ പുസ്തകങ്ങൾ ബാക്കിയുണ്ട്. 10 വർഷത്തിലേറെ പഴക്കമുള്ള സ്റ്റോക്കാണ് ഇവയെന്നും പുസ്തകമേളകളിലൂടെ നൽകാൻ ശ്രമം നടത്തുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പ്രതികരിച്ചു.